റിയാദ്- ഇന്നും(തിങ്കൾ) സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അൽബാഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദിന്റെ ചില ഭാഗങ്ങൾ, കിഴക്കൻ മേഖലയുടെ ദക്ഷിണ ഭാഗം എന്നിവടങ്ങളിലാണ് മഴക്ക് സാധ്യത. ചില മേഖലകളിൽ കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. മക്ക 30 ഡിഗ്രി, മദീന 28, റിയാദ് 29, ജിദ്ദ 29, ദമാം 21 എന്നിങ്ങനെയാണ് ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന താപനില.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ(ഞായർ) ഇടിമിന്നലോട് കൂടി മഴ പെയ്തു. റിയാദ്, കിഴക്കൻ പ്രവിശ്യ, ഹായിൽ, മക്ക, അസീർ, ജിസാൻ എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. റിയാദിൽ ഞായറാഴ്ച രാവിലെ തന്നെ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഇടവിട്ട് ശക്തമായ മഴയുണ്ടായി. റോഡുകളിൽ ചെറിയ തോതിൽ വെള്ളക്കെട്ടുണ്ടായി. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു മഴയുളള സമയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കിഴക്കൻ പ്രവിശ്യയിൽ അൽകോബാർ, ഖത്തീഫ്, ജുബൈൽ, റാസ് തന്നൂറ, അബ്ഖൈഖ് എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചു.







 
  
 