ഇടുക്കി - കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയത് തനിക്കെതിരെ വനിതാ സെല്ലില്‍ പരാതി നല്‍കിയതിനാണെന്ന് പിടിയിലായ ഭര്‍ത്താവ് ബിജേഷ് പോലിസിന് മൊഴി നല്‍കി. ബിജേഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അനുമോള്‍ പരാതി നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് അനുമോളും ബിജേഷും തമ്മില്‍ നടന്ന വാക്് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനുമോളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച് മുങ്ങിയ ബിജേഷിനെ ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 21ന് വൈകീട്ടാണ് കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഏകമകളെ ബന്ധുവീട്ടിലെത്തിച്ച് ഭര്‍ത്താവ് ബിജേഷ് ഒളിവില്‍ പോകുകയായിരുന്നു.
മൃതദേഹമുണ്ടായിരുന്ന മുറിയിലോ വീട്ടിലോ അനുമോള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണ്‍ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റതാണെന്ന് മനസ്സിലായത്. ബിജേഷിന്റെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച നിലയില്‍ കുമളിയില്‍ നിന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീ പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. 17ന് സ്‌കൂളിലെത്തിയ അനുമോള്‍ പിറ്റേദിവസത്തെ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് വിട്ടീലെത്തിയത്. എന്നാല്‍ പിന്നീട് തിരിച്ച് സ്‌കൂളിലേക്ക് ടീച്ചറെത്തിയില്ല. ശേഷം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സ്‌കൂളിനെയും നാടിനെയും കുടുംബത്തേയുമെല്ലാം തേടിയെത്തിയത്. അനുമോള്‍ വീടുവിട്ടു പോയെന്നാണ് ഭര്‍ത്താവ് ബിജേഷ് മാതാപിതാക്കളെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയതും പൂട്ടിയിട്ട വീട്ടില്‍നിന്ന് കമ്പിളിപ്പുതപ്പില്‍ മറച്ച് മൃതദേഹം കിടപ്പുമുറയിലെ കട്ടിലിനടിയില്‍ കണ്ടെത്തിയതും.