Sorry, you need to enable JavaScript to visit this website.

പോസ്റ്റ് ഓഫീസിലെ പെണ്‍കുട്ടിയുടെ ഓര്‍മ്മയില്‍ ആലീസിന് സെന്റ് വാങ്ങിക്കൊടുത്ത ഇന്നസെന്റ്

ഭാര്യ ആലീസിന് ആദ്യമായി വാങ്ങിക്കൊടുത്ത സമ്മാനമെന്താണെന്ന് ചോദിച്ചാല്‍ ഇന്നസെന്റ് പറയും അത് സെന്റാണെന്ന്. ആറു രൂപ വിലയുള്ള നല്ല മണമുള്ള റോയല്‍ ജാസ്മിന്റെ സെന്റാണ് സമ്മാനമെന്ന നിലയില്‍ ആലീസിന് ആദ്യമായി വാങ്ങി നല്‍കിയത്. ആലീസും അക്കാര്യം സമ്മതിക്കും, ആ സെന്റ് വാങ്ങലിന് പിന്നിലും ഒരു കഥയുണ്ടെന്ന് ഇന്നസെന്റ് പറയും. പണ്ട് തീപ്പെട്ടി കമ്പനി തുടങ്ങുന്നതിന് മുന്‍പ് ഇന്നസെന്റിന് ഒരു സ്റ്റേഷനറി കടയുണ്ടായിരുന്നു. പോസ്റ്റോഫീസിന് മുന്നിലായിരുന്നു കട. അവിടെ ജോലി ചെയ്തിരുന്ന സുന്ദരിയായ പെണ്‍കുട്ടിയെ ഇന്നസെന്റിന് വല്ലാതെ പിടിച്ചു. ആളു കൊള്ളാമല്ലോ എന്ന തോന്നല്‍.  ഒരു ദിവസം പെണ്‍കുട്ടി ഇന്നസെന്റിന്റെ കടയിലേക്ക് കയറി വന്ന് റോയല്‍ ജാസ്മിന്‍ സെന്റ് ഉണ്ടോയെന്ന് ചോദിച്ചുവത്രേ. ഇല്ല, തീര്‍ന്നു പോയെന്ന് മറുപടി പറഞ്ഞപ്പോള്‍ ഇനി എപ്പോള്‍ വരുമെന്നായി പെണ്‍കുട്ടിയുടെ ചോദ്യം. ഒരു ദിവസം കഴിഞ്ഞ് എത്തുമെന്ന് ഇന്നസെന്റിന്റെ മറുപടി. പെണ്‍കുട്ടിയോടുള്ള ഇഷ്ടം കാരണം പിറ്റേ ദിവസം കടപൂട്ടി തൃശൂരില്‍ പോയി റോയല്‍ ജാസ്മിന്‍ സെന്റ് വാങ്ങിയാണ് വന്നതെന്ന് ഇന്നസെന്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.  കട പൂട്ടി പെണ്‍കുട്ടിക്ക് വേണ്ടി സെന്റ് വാങ്ങാന്‍ പോയത് തന്റെ സഹോദരങ്ങള്‍ അറിയുകയും അവര്‍ തന്നെ കളിയാക്കുകയും ചെയ്തതായി ഇന്നസെന്റ് പറയുന്നു. ഇതിന്റെയെല്ലാം ഓര്‍മ്മയിലാകാം, ആലീസിനെ കണ്ട ശേഷം ഇന്നസെന്റ് ആദ്യം വാങ്ങി നല്‍കിയത് റോയല്‍ ജാസ്മിന്‍ സെന്റാണ്.
വിവാഹത്തിന് ശേഷം ഇന്നസെന്റിന്റെ നേട്ടങ്ങളിലും കഷ്ടങ്ങളിലും എന്നും ആലീസ് കൂടെയുണ്ടായിരുന്നു. ആലീസിനെ കല്യാണം ആലോചിക്കുമ്പോള്‍ ഇന്നസെന്റ് സിനിമാ നടന്‍ ആണെന്ന കാര്യമൊന്നും ആലീസിന് അറിയില്ലായിരുന്നു. തീപ്പെട്ടി കമ്പനി മുതലാളി എന്ന് പറഞ്ഞാണ് ആലീസിനെ പെണ്ണു കാണാന്‍ പോയത്. അന്ന് രണ്ട് തീപ്പെട്ടി കമ്പനി ഇന്നസെന്റിന്റെ പേരിലുണ്ടായിരുന്നു. ഒന്ന് നാട്ടിലും മറ്റൊന്ന് ദാവന്‍ഗിരിയിലും. വിവാഹം കഴിഞ്ഞ ശേഷം വിദേശത്ത് പോകുമ്പോള്‍ ആലീസിനെ കൂട്ടിയാണ് ഇന്നസെന്റ് പോകാറുള്ളത്, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇവര്‍ ഒരുമിച്ചാണ് പോയത്. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആലീസ് വരുന്നതില്‍ ഇന്നസെന്റിന് അത്ര താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ലൊക്കേഷനിലേക്ക് ആലീസ് പോകാറുമുണ്ടായിരുന്നില്ല. എന്നാല്‍ ക്യാന്‍സര്‍ ബാധിതനായ ശേഷം ആലീസിനെ കൂട്ടിയാണ് ഇന്നസെന്റ്  ലൊക്കേഷനിലെത്തുക.
ആശുപത്രിയില്‍ നിന്ന് ഇന്നസെന്റിന് ക്യാന്‍സര്‍ രോഗം സ്ഥരീകരിച്ച് വീട്ടിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും സഹിക്കാന്‍ പറ്റാത്ത സങ്കടമായിരുന്നുവെന്ന് ആലീസ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നസെന്റിന് മാത്രം ഒരു കലുക്കവുമില്ലായിരുന്നു. ചികിത്സിച്ച്  ഭേദമാക്കാമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വീട്ടില്‍ എല്ലാവരും എപ്പോഴും കരയാനാണ് ഭാവമെങ്കില്‍ താന്‍ വീട് മാറി താമസിക്കുമെന്നും ഇന്നസെന്റ് പറയും. അതിന് ശേഷം ഭയമോ ആകുലതകളോ ഒന്നുമില്ലാതെ വര്‍ഷങ്ങളോളം കീമോ അടക്കമുള്ള ചികിത്സയെ നേരിട്ടെന്നും ആലീസ് പറയുന്നു. ഇന്നസെന്റിന് കൂട്ടായി വന്ന ക്യാന്‍സര്‍ ആലീസിനേയും വെറുതെ വിട്ടില്ല. അവരെയും പിടികൂടി. പിന്നീട് ഇരുവരും ഒരുമിച്ചായി ചികിത്സ. തന്നെ കീഴടക്കാനെത്തിയ ക്യാന്‍സര്‍ എന്ന മാരക രോഗത്തെ സ്വതസിദ്ധമായ ചിരിയോടെയും തമാശയോടെയും കൂടിയാണ് ഇന്നസെന്റ് നേരിട്ടത്. അതുകൊണ്ട് തന്നെയാണ് തന്നെയാണ് തോല്‍ക്കാതെ ക്യാന്‍സറിന് മുന്നില്‍ ഇന്നസെന്റിന് വര്‍ഷങ്ങളോളം പിടിച്ചു നില്‍ക്കാനായത്.

 

Latest News