തരംഗമായി രാഹുൽ പിന്തുണ; ഇരട്ട നിലപാടിൽ ഇടതുപക്ഷം 

രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര നീക്കത്തിൽ കേരളത്തിലെ ഇടതുപക്ഷ വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇരട്ട രീതിയായിരിക്കും എന്നുറപ്പാക്കുന്നതാണ് അവരിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ.  കേന്ദ്രത്തിനെതിരായ സമരം യു.ഡി.എഫിന് അനുകൂലമാകരുതെന്ന് ഇടതുപക്ഷത്തിന് നിർബന്ധമുണ്ട്.

രാഹുൽ ഗാന്ധിക്കുളള പിന്തുണ തരംഗമായി മാറിക്കഴിഞ്ഞു. അതിവേഗം നടപ്പായ അയോഗ്യത യോഗ്യതയായി മാറി എന്നൊക്കെ രാഹുൽ വിരുദ്ധ മാധ്യമങ്ങളും വിശേഷണമെഴുതുന്നതിനും അപ്പുറമാണ് കാര്യങ്ങൾ. പിടിച്ചാൽ കിട്ടാത്ത അവസ്ഥ എന്നൊക്കെ പറയാറില്ലേ- അതു തന്നെ. പ്രധാനമന്ത്രി  നരേന്ദ്ര മോഡിക്കും പാർട്ടിക്കും എം.പിയായ രാഹുൽ സൃഷ്ടിച്ചുകൊണ്ടിരുന്ന തലവേദനയുടെ എത്രയോ മടങ്ങാണ് ഇപ്പോൾ അവർക്കെതിരായി ആഞ്ഞടിക്കുന്ന എതിർപ്പിന്റെ ശക്തി. എം.പി അല്ലാതാകുന്ന രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന പ്രതിഛായ ബി.ജെ.പിയെ മാത്രമല്ല പ്രതിപക്ഷത്തെ മറ്റു കക്ഷികളെയും മാറിച്ചിന്തിപ്പിക്കുകയാണ്. രാഹുലിനെ അയോഗ്യനാക്കിയ വാർത്ത വന്നയുടൻ തന്നെ തൃണമൂൽ കോൺഗ്രസ്, ഭാരത രാഷ്ട്രസമിതി, സമാജ്‌വാദി പാർട്ടി, ബി.ജെ.പിയുടെ ബി ടീം എന്നറിയപ്പെടുന്ന ആം ആദ്മി പാർട്ടി എന്നിവയെല്ലാം പിന്തുണയുമായി രംഗത്തെത്തിയത് വെറുതെയല്ല.     ഇടതുപക്ഷം പക്ഷേ കരുതലോടെയാണ് നീങ്ങുന്നത്.  അരുണാചലിലെ പാസിഘട്ടിൽ നിന്ന് പോർബന്തറിലേക്കാണ് രാഹുൽ ഗാന്ധിയുടെ അടുത്ത ജോഡോ യാത്ര തീരുമാനിച്ചിട്ടുള്ളത്. വലിയ തോതിലുള്ള ജനപിന്തുണ നേടാൻ രണ്ടാം ജോഡോക്ക് സാധിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നുണ്ട്.  രാജ്യം ജനാധിപത്യമില്ലാത്ത അവസ്ഥയിലേക്ക് മാറുന്നു എന്ന് എല്ലാവരും ഭയപ്പെടുന്ന കാര്യം പറഞ്ഞുകൊണ്ടുള്ള യാത്രയിൽ നിന്ന്  മാറിനിൽക്കാൻ ആർക്കുമാകില്ല. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ഐക്യത്തോടെ നേരിടാനായാൽ കാര്യങ്ങളെല്ലാം മാറിമറിയും. പതിനഞ്ചിലധികം പാർട്ടികൾ പാർലമെന്റിൽ ഇപ്പോൾ തന്നെ ഒന്നിച്ചു നിൽക്കുന്നുണ്ട്.  
 അടുത്ത വർഷം ജൂണിൽ രാഹുൽ ഗാന്ധിയുടെ പ്രായം 53.  ഇപ്പോൾ നടക്കുന്ന കേസിൽ എട്ട് വർഷം അയോഗ്യനായാലും ഇനിയുമുണ്ട് വയസ്സ് കണക്കിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ കാലം. ഇന്ത്യൻ രാഷ്ട്രീയം ഇന്ന് നിയന്ത്രിക്കുന്നവരിലധികവും അപ്പോഴേക്കും സ്വാഭാവിക വാർധക്യത്തിന്റെ അവശതയിലെത്തും. 2024 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കാനാവില്ലെന്നത് തങ്ങളുടെ വിജയമായി ശത്രുക്കൾ മനസാ ആഹ്‌ളാദിക്കുന്നുണ്ടാകാം. പക്ഷേ കാലം എന്തായിരിക്കും കാത്തുവെച്ചതെന്ന് പ്രവചിക്കുക പ്രയാസം. വലിയ അധ്വാന പരിശ്രമങ്ങളിലൂടെ ശത്രു പക്ഷം രാഹുൽ ഗാന്ധിക്ക് ഒരുക്കിക്കൊടുത്ത അയോഗ്യത പട്ടം അനുനിമിഷം യോഗ്യതയായി മാറുന്നതാണ് ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ വ്യക്തമായത്. ഭാരത് ജോഡോ യാത്രയിലൂടെ നേടിയെടുത്ത ഊർജം എത്രയോ ഇരട്ടിയായ രാഹുലാണ് ഇന്ന് ഇന്ത്യൻ ജനതക്ക് മുന്നിലുളളത്. രാജ്യത്തിനായി ത്യാഗ പരിശ്രമങ്ങൾ നടത്തുന്ന രാഹുലിനെ ഇന്ന് എതിരാളികളെല്ലാം ഭയപ്പെടുന്നു. 
സി.പി.എം രാഹുൽ ഗാന്ധിയെ പിന്തുണച്ചത് സ്വയംരക്ഷക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകൾ യാഥാർഥ്യവുമായി അടുത്തു നിൽക്കുന്നതായി കാണാവുന്നതാണ്.   രാജ്യത്താകെ തരംഗം ഉണ്ടായപ്പോൾ അതിന്റെ ഷെയർ പറ്റാനാണ്  സി.പി.എം ശ്രമിച്ചത്. 
എം.വി. ഗോവിന്ദൻ മാസ്റ്ററുടെ  പ്രസ്താവനയോടെ സി.പി.എമ്മിന്റെ കാപട്യം പുറത്ത് വന്നതായും പ്രതിപക്ഷ നേതാവ് നിരീക്ഷിക്കുന്നുണ്ട്.  മോഡി  ഭരണകൂടത്തിന് എതിരായി രാഹുൽ ഗാന്ധി ഇന്ത്യയിൽ ഒരു തരംഗം ഉണ്ടാക്കിയപ്പോൾ അതിന്റെ ഷെയർ പിടിക്കാനാണ് മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനുമൊക്കെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നിട്ടാണ് പ്രതിഷേധിച്ച ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച് ബി.ജെ.പിയെ സന്തോഷിപ്പിച്ചത്. രാഹുൽ ഗാന്ധിക്ക് വേണ്ടിയല്ല, സ്വയംരക്ഷക്ക് വേണ്ടിയാണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. നാളെ ഇവർക്കെതിരെ കേസ് വരുമ്പോൾ ഇതുപോലെ എല്ലാവരും ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനൊന്നും ഞങ്ങളെ കിട്ടില്ല -വി.ഡി. തീശൻ തുറന്നടിച്ചതങ്ങനെ .
രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര നീക്കത്തിൽ കേരളത്തിലെ ഇടതുപക്ഷ വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇരട്ട രീതിയായിരിക്കും എന്നുറപ്പാക്കുന്നതാണ് അവരിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ.  കേന്ദ്രത്തിനെതിരായ സമരം യു.ഡി.എഫിന് അനുകൂലമാകരുതെന്ന് ഇടതുപക്ഷത്തിന് നിർബന്ധമുണ്ട്. മേൽകോടതിയിൽ നിന്ന് രാഹുലിന് അനുകൂലമായി വിധി വരണമെന്ന് ആഗ്രഹിക്കുന്നവരിൽ കേരളത്തിലെ ഇടതുപക്ഷവുമുണ്ടാകും. എത്രയും വേഗം രാഹുലിന്റെ പുതിയ  പരിവേഷം മാറിക്കിട്ടണമെന്ന് അവർ അതിയായി ആഗ്രഹിക്കുന്നുണ്ട്. രാഹുലിനെ അയോഗ്യനാക്കുകയും ലോക്‌സഭ അംഗത്വം  റദ്ദ് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്ത കോടതി വിധി കോൺഗ്രസ് ചോദിച്ചു വാങ്ങിയതാണെന്ന ഒരു നറേറ്റീവ്  പിന്തുണയുടെ ബഹളത്തിനിടക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. ബലൻ സൃഷ്ടിച്ചിരുന്നു. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന ബാലന്റെ സംശയത്തിനും ഇരുതല മൂർച്ചയുണ്ട്.   സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ രാഹുൽ വിഷയത്തെപ്പറ്റി പറഞ്ഞത് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ദേശീയ വിഷയവും വയനാട് തെരഞ്ഞെടുപ്പ് സംസ്ഥാന കാര്യവുമാണെന്നാണ്. ദേശീയ വിഷയം എന്ന് കാനം വിശേഷിപ്പിച്ച കാര്യത്തിൽ രാഹുലിനൊപ്പം നിൽക്കാത്ത ഇടതുപക്ഷത്തിന്റെ അവസ്ഥ അവർക്ക്  ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ല. പുതിയ രാഹുൽ, പഴയ രാഹുൽ എന്ന രീതിയിൽ മാത്രമേ ഇടതുപക്ഷത്തിന് രാഹുലിനെ ഇനി കാണാൻ കഴിയുകയുള്ളൂ. രാഹുൽ ഗാന്ധിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് ഏറ്റവും മോശമായ പദം പ്രയോഗിച്ചത് സി.പി.എമ്മിന്റെ  ഏറ്റവും മുതിർന്ന നേതാവായ വി.എസ്. അച്യുതാനന്ദനായിരുന്നു. അതിന് ശേഷമായിരിക്കും സംഘശക്തികൾ പോലും 'പപ്പുമോൻ' എന്ന് പഠിച്ചത്.  തിരുവമ്പാടിയിൽ നിന്നുള്ള സി.പി.എം യുവ അംഗം ലിന്റോ ജോസഫ് രാഹുൽ ഗാന്ധിയെ സംഘ് പരിവാർ ഭാഷയിൽ ഗണ്ഡി എന്ന് വിളിച്ചത് നിയമസഭയിൽ വലിയ ബഹളമായിരുന്നു. പുതിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്‌ക്കേണ്ടത് ഇടതു പക്ഷത്തിന്റെയും അനിവാര്യതയായി മാറി എന്നതാണ് ശരി.   ഇന്നലെ വരെ കണ്ട രാഹുൽ ഗാന്ധിയല്ല അവർക്ക്  ഇന്നത്തെ രാഹുൽ ഗാന്ധി- അതെ, കേരളത്തിലെ  ഇടതുപക്ഷത്തിന് മുന്നിൽ പഴയ രാഹുൽ ഗാന്ധിയും പുതിയ രാഹുൽ ഗാന്ധിയുമുണ്ട്. പഴയ രാഹുൽ ഗാന്ധിയാണെങ്കിൽ അവർ 'കാണിച്ചു' തരുമായിരുന്നു. പുതിയ രാഹുൽ ഗാന്ധിയോട് കളിക്കാൻ പോയാൽ ഫലം എന്തായിരിക്കുമെന്ന് ഏറ്റവും ആദ്യം മനസ്സിലാക്കിയ സി.പി.എം നേതാവ് എം.എം. മണിയാണെന്ന് തോന്നുന്നു.  അതിന്റെ തെളിവാണ് രാഹുലിനെതിരായ നീക്കത്തിനെതിരായ മണിയുടെ ഉറച്ച  വാക്കുകൾ. മണിയുടെ വാക്കുകൾ ഇങ്ങനെ ''രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോഡിക്കെതിരെ പ്രതികരിച്ചതിനാണ്.  നടപടി ജനാധിപത്യ വിരുദ്ധമാണ്. മോഡി വിമർശനം കേൾക്കാൻ ബാധ്യസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ്. മോഡി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിരവധി മുസ്‌ലിം കളെ കശാപ്പ് ചെയ്ത ആളാണ്.  എല്ലാവരും ഒന്നിച്ച് രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയെ എതിർക്കണം.''  

് 


 

Latest News