Sorry, you need to enable JavaScript to visit this website.

തമാശ ആയിരുന്നില്ല ഇന്നസെന്റിന് അഭിനയം  

മാശയുള്ള കഥാപാത്രത്തിൽ നിന്ന് അതീവ ഗൗരവമുള്ള കഥാപാത്രമായി മാറുക എന്ന ട്രാൻസ്ഫർമേഷൻ ഒരു നടനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെങ്കിലും അത് വളരെ എളുപ്പമായിരുന്നു ഇന്നസെന്റിന്. അതുകൊണ്ടു തന്നെ ശ്രദ്ധേയരായ പല തിരക്കഥാകൃത്തുക്കളുടെയും സിനിമകളിൽ അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഇന്നസെന്റിന് ഭാഗ്യം ലഭിച്ചു.
മഴവിൽക്കാവടിയിലെയും മാലയോഗത്തിലെയും ജാതകത്തിലെയും കഥാപാത്രങ്ങൾ ആ ഗണത്തിൽ പെടുത്താവുന്നതാണ്. ദേവാസുരത്തിൽ നിന്ന് രാവണപ്രഭുവിൽ എത്തുമ്പോഴും ഈ മാറ്റം കാണാം. ഇത്തരം നിരവധി സിനിമകൾ ഇന്നസെന്റ് ചെയ്തിട്ടുണ്ട്. ഒരു മനുഷ്യന്റെ സർവ വിചാര വികാരങ്ങളും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്നവനാകണം നടൻ എന്ന് ഇന്നസെന്റ് പറയാറുണ്ട്.
സിബി മലയിൽ, ലോഹിതദാസ് ടീമിന്റെ മാലയോഗത്തിൽ കണിശക്കാരനായ അച്ഛനിൽ നിന്ന് എല്ലാം തകർന്ന ഒരു അച്ഛനിലേക്കുള്ള ട്രാൻസ്ഫർമേഷൻ ഭാവം കൊണ്ടും വോയ്‌സ് മോഡുലേഷൻ കൊണ്ടും ഇന്നസെന്റ് മനോഹരമാക്കുന്നത് ഒരു അനുഭവം തന്നെയാണ്.
 ഇന്നസെന്റിന് ലഭിച്ച അംഗീകാരങ്ങളിൽ പലതും ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതാണ് എന്നതും ശ്രദ്ധേയമാണ്.
അതുകൊണ്ടു തന്നെ ഒരു ഹാസ്യ താരം എന്ന ലേബലിൽ മാത്രം ഇന്നസെന്റ് എന്ന നടനെ ഒതുക്കാനാവില്ല. എല്ലാ അവാർഡുകൾക്കും മീതെ ജനപ്രീതി തന്നെയാണ് ഇന്നസെന്റിനു ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. ചിരിപ്പിച്ചു ചിരിപ്പിച്ച് ജനമനസ്സുകളിൽ ഇന്നസെന്റ് നേടിയ പുരസ്‌കാരങ്ങൾക്ക് തിളക്കങ്ങളേറെയാണ്.
എന്നാൽ ഇതു കൂടാതെ നേടിയതെല്ലാം ആ അഭിനയ പ്രതിഭയുടെ മികവിനുള്ള അംഗീകാരങ്ങളാണ്. മഴവിൽക്കാവടിയിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടനുള്ള 1989 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നസെന്റിനു ലഭിച്ചു. പത്തായയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 2009 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടി. 
ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരം പല വർഷങ്ങളിലും ലഭിച്ചു.
2001 ൽ  മികച്ച സഹനടൻ (രാവണപ്രഭു)
2004 ൽ  മികച്ച സഹനടൻ (വേഷം)
2006 ൽ  മികച്ച ഹാസ്യനടൻ (രസതന്ത്രം, യെസ് യുവർ ഓണർ)
2008 ൽ  മികച്ച സഹനടൻ (ഇന്നത്തെ ചിന്താവിഷയം) എന്നിങ്ങനെ ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി.

2007 ൽ സത്യൻ പുരസ്‌കാരം
2008 ൽ  മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്‌കാരം (ദുബായ്) എന്നിവയും ലഭിച്ചിട്ടുണ്ട്. 2021 ൽ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരം. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിന് പുരസ്‌കാരം ലഭിച്ചപ്പോൾ അഭിനേതാവ് എന്നതിലപ്പുറം എഴുത്തുകാരൻ എന്ന നിലയിലും ഇന്നസെന്റ് അംഗീകരിക്കപ്പെട്ടു.

നിർമാണത്തിലും ഇന്നച്ചൻ മിന്നിച്ചു

മലയാള സിനിമയ്ക്ക് എന്നെന്നും ഓർത്തു വെക്കാവുന്ന നല്ല ചില സിനിമകൾ കൂടി ഇന്നസെന്റ് നിർമിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനി തുടങ്ങി. ഭാര്യയുടെ സ്വർണം പണയം വെച്ച് ഇന്നസെന്റ് നിർമിച്ച വിട പറയും മുൻപേ എന്ന സിനിമ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ്. 
സിനിമകളുടെ മുൻനിരയിലാണ് എന്നും എപ്പോഴും വിടപറയും മുൻപേ.. മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന സിനിമയും ഇന്നസെന്റിന്റെ നിർമാണ കൈമുദ്ര പതിഞ്ഞതാണ്. കഥാകൃത്ത് എം.മുകുന്ദന്റെ ജ്യേഷ്ഠൻ എം.രാഘവൻ എഴുതിയ കഥയിൽ നിന്നാണ് ഇളക്കങ്ങൾ എന്ന സിനിമയുണ്ടാകുന്നത്. രാഘവനെ കണ്ടുപിടിച്ചു കഥ വാങ്ങിയത് ഇന്നസെന്റാണ്.  
ഭരതൻ സംവിധാനം ചെയ്ത ഓർമയ്ക്കായ്, കെ.ജി ജോർജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക്, ശ്രീനിവാസൻ തിരക്കഥയും മോഹൻ കഥയും സംവിധാനവും നിർവഹിച്ച കഥ ഒരു നുണകഥ എന്നിവയുടെ നിർമാണത്തിലും ഇന്നസെന്റ് പങ്കാളിയായി.

റാംജിറാവു കണ്ട് എല്ലാവരും ചിരിച്ചപ്പോൾ ഇന്നസെന്റ് വിതുമ്പിക്കരഞ്ഞു

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളിൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ കണ്ട് പ്രേക്ഷക ലക്ഷങ്ങൾ ആർത്തു ചിരിക്കുമ്പോൾ ആ ചിരിമഴയത്ത് കണ്ണീർക്കുട ചൂടി നിൽക്കുകയായിരുന്നു സാക്ഷാൽ മാന്നാർ മത്തായി. അതെ, റാംജിറാവ് കണ്ടു കരഞ്ഞ ഒരേ ഒരാൾ ഒരുപക്ഷേ ഇന്നസെന്റ് ആയിരിക്കും.
തൃശൂരിലെ തിയേറ്ററിൽ 89 ൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ കണ്ടു താൻ സീറ്റിലിരുന്ന് വിതുമ്പിക്കരഞ്ഞുവെന്ന് ഇന്നസെന്റ് തന്നെ പലപ്പോഴും ഓർത്തു പറഞ്ഞിട്ടുണ്ട്. അന്നു തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തിയേറ്ററിലും പുറത്തും ജനം മുഴുവൻ ഇന്നസെന്റിനെ കാണാൻ കാത്തു നിൽക്കുകയായിരുന്നു.
ഒരു താരത്തിൽ നിന്ന് സൂപ്പർ താരത്തിലേക്കുള്ള വളർച്ചയായിരുന്നു ഉർവശി തിയേറ്റേഴ്‌സ് ഉടമ മാന്നാർ മത്തായി.

Latest News