കാൻസറിനെയും ചിരിപ്പിച്ച ഇന്നസെന്റ്

മഹാവ്യാധിക്കുള്ള  ദിവ്യൗഷധത്തിന്റെ  ഫലമുണ്ടായിരുന്നു ഒരുപാട് വേദനകൾക്കിടയിലും ഇന്നസെന്റ് പറഞ്ഞിട്ട ആ അക്ഷരങ്ങൾക്ക്. ചിരി ആരോഗ്യത്തിന് മാത്രമല്ല, കാൻസറിനും നല്ല മരുന്നാണെന്ന് ഇന്നസെന്റ് തന്നെ പലപ്പോഴും പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികളെ മാത്രമല്ല കാൻസർ എന്ന മഹാവ്യാധിയെ വരെ ചിരിപ്പിച്ചിട്ടുണ്ട് ഇന്നസെന്റ്. കാൻസർ വാർഡിൽ  സങ്കടവും കരച്ചിലും വേദനയും മാത്രം കേട്ടിരുന്ന കാലത്താണ് കാൻസർ വാർഡിലെ ചിരി ലോകമെങ്ങുമുള്ള മലയാളികൾ കേൾക്കുന്നത്. അതൊരു പുതിയ അനുഭവമായിരുന്നു, കാൻസർ രോഗികൾക്കും അല്ലാത്തവർക്കും. മഹാവ്യാധിക്കുള്ള  ദിവ്യൗഷധത്തിന്റെ  ഫലമുണ്ടായിരുന്നു ഒരുപാട് വേദനകൾക്കിടയിലും ഇന്നസെന്റ് പറഞ്ഞിട്ട ആ അക്ഷരങ്ങൾക്ക്. ചിരി ആരോഗ്യത്തിന് മാത്രമല്ല, കാൻസറിനും നല്ല മരുന്നാണെന്ന് ഇന്നസെന്റ് തന്നെ പലപ്പോഴും പറഞ്ഞു.

ആദ്യം കാൻസർ സ്ഥിരീകരിച്ച സമയത്ത് അതിനെ അതിജീവിക്കാനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ രണ്ടാം തവണ കാൻസർ സ്ഥിരീകരിച്ചപ്പോൾ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്ന് ഇന്നസെന്റ് ശരിക്കും ഭയന്നിരുന്നു. എന്നാൽ വിയറ്റ്‌നാം കോളനി സിനിമയിൽ പറയും പോലെ ഇതല്ല ഇതിന്റെ അപ്പുറം ചാടി കടന്നവനാണീ കെ.കെ.  ജോസഫ്  എന്നുള്ളതുകൊണ്ട് കാൻസറിന്റെ രണ്ടാം വരവിനെയും ഇന്നസെന്റ് മറികടന്നു.
അവൻ പിന്നെയും വന്നു..ഞാൻ ഗുഡ്ബൈ പറഞ്ഞുവിട്ടു...ഫെയ്സ്ബുക്കിൽ ഇന്നസെന്റ്  അന്ന് കുറിച്ചിട്ട വാക്കുകളിൽ  ഹ്യൂമറിനൊപ്പം ആശ്വാസവും കൂട്ടുണ്ടായിരുന്നു. ഒരിക്കൽ കൂടി കാൻസറിനെ തോൽപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അന്ന് ഇന്നസെന്റ് പോസ്റ്റ് ചെയ്ത ഫേസ്ബുക്കിലെ വാക്കുകളിൽ കാണാമായിരുന്നു.
അതിങ്ങനെയായിരുന്നു..

പ്രിയമുളളവരെ, എന്റെ സുഹൃത്തായ കാൻസർ രണ്ടാമതും വന്നു എന്ന വിവരം ഞാൻ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുമ്പ് നടത്തിയ സ്‌കാനിംഗിൽ എന്റെ രോഗം പൂർണമായി മാറി എന്ന് ദൽഹി എയിംസിലെ ഡോ. ലളിത് കുമാറും ഡോ. ഗംഗാധരനും അറിയിച്ചു. ഇനിയുളള കാലം പഴയതുപോലെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാർഥനകൾക്ക് ഒരായിരം നന്ദി....ഇന്നസെന്റ്
2018 ഡിസംബർ 17 ന് ഇന്നസെന്റ് തന്റെ ഫേയ്സ്ബുക്ക് പേജിൽ കുറിച്ച വാക്കുകളാണിവ.

ആദ്യം കാൻസർ ബാധിച്ച ശേഷം മുക്തനായെന്ന് പറഞ്ഞെങ്കിലും പിന്നീടും രോഗലക്ഷണം തുടരുകയായിരുന്നു. ഇതേത്തുടർന്നാണ് ദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അദ്ദേഹം വീണ്ടും ചികിത്സ തേടിയത്. രോഗം വീണ്ടും തലപൊക്കി എന്നറിഞ്ഞത് അപ്പോഴാണ്.
 അദ്ദേഹം രോഗമുക്തമാകാൻ ലോകമെങ്ങുമുള്ള മലയാളികളും പ്രാർത്ഥിച്ചിരുന്നു. രോഗമറിഞ്ഞ് സഹതാപവും ദുഃഖവുമായി തന്നെ കാണാൻ എത്തുന്നവരെക്കുറിച്ച്  സ്‌നേഹം പൊതിഞ്ഞ നർമത്തിൽ അദ്ദേഹം പിന്നീട് പലപ്പോഴും വിവരിച്ചിട്ടുണ്ട്. അതിനുമുണ്ടായിരുന്നു മലയാളികൾ ഏറെ ഇഷ്ടപ്പെട്ട ആ ഇന്നസെന്റ് ടച്ച്. മലയാള സിനിമക്ക് എന്നെന്നും ഓർത്തുവെയ്ക്കാവുന്ന നല്ല ചില സിനിമകൾ കൂടി ഇന്നസെന്റ് നിർമിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമ നിർമാണ കമ്പനി തുടങ്ങി. ഭാര്യയുടെ സ്വർണം പണയംവെച്ച് ഇന്നസെന്റ് നിർമിച്ച വിട പറയും മുൻപെ എന്ന സിനിമ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ്. സിനിമകളുടെ മുൻനിരയിലാണ് എന്നും എപ്പോഴും വിടപറയും മുൻപെ..
 മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന സിനിമയും ഇന്നസെന്റിന്റെ  നിർമാണ കൈമുദ്ര പതിഞ്ഞതാണ്.
കഥാകൃത്ത് എം. മുകുന്ദന്റെ ജ്യേഷ്ഠൻ എം. രാഘവൻ എഴുതിയ കഥയിൽ നിന്നാണ് ഇളക്കങ്ങൾ എന്ന സിനിമയുണ്ടാകുന്നത്. രാഘവനെ കണ്ടുപിടിച്ചു കഥ വാങ്ങിയത് ഇന്നസെന്റാണ്. 
ഭരതൻ സംവിധാനം ചെയ്ത ഓർമയ്ക്കായ്, കെ.ജി. ജോർജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ശ്രീനിവാസൻ തിരക്കഥയും മോഹൻ കഥയും സംവിധാനവും നിർവഹിച്ച കഥ ഒരു നുണക്കഥ എന്നിവയുടെ നിർമാണത്തിലും ഇന്നസെന്റ് പങ്കാളിയായി.

Latest News