ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലാത്ത രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എപ്പോഴും ആശയക്കുഴപ്പമാണ്. ഏത് ടീമിനെ പിന്തുണക്കണം? ഫുട്‌ബോളിലാണെങ്കില്‍ ബ്രസീലിനെയും ക്രിക്കറ്റിലാണെങ്കില്‍ വെസ്റ്റിന്‍ഡീസിനെയും പിന്തുണക്കുന്നവരാണ് നിഷ്പക്ഷരായ കായികപ്രേമികളിലേറെയും. അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് ടീമുകള്‍ക്കും ആരാധകരേറെയുണ്ട്.
ഇന്ത്യയിലാണെങ്കില്‍ മാഹിക്കാര്‍ക്ക് പ്രിയം ഫ്രാന്‍സിനോടാണ്. മുന്‍ ഫ്രഞ്ച് കോളനിയാണ് പോണ്ടിച്ചേരി. ഗോവക്കാരിലേറെയും പോര്‍ചുഗലിനെ ഇഷ്ടപ്പെടുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ ബ്രിട്ടിഷ് അധീനതയിലായിരുന്നപ്പോഴും ഗോവ പോര്‍ചുഗല്‍ കോളനിയായിരുന്നു.
ഈ ലോകകപ്പില്‍ പിന്തുണക്കാന്‍ ഒരു ടീമിനെ തേടുകയാണെങ്കില്‍ ഐസ്‌ലന്റിനെ പിന്തുണച്ചോളൂ എന്ന് പറയുന്നവരേറെയാണ്. അത്രയും മനോഹരമാണ് അവരുടെ മുന്നേറ്റത്തിന്റെ കഥയും അവരുടെ ആരാധകരുടെ പിന്തുണയും. കേരളത്തിലെ ഒരു ജില്ലയിലെ പോലും ജനസംഖ്യയില്ലാത്ത രാജ്യമാണ് ഐസ്‌ലന്റ്. അവരുടെ ആരാധകരുടെ തണ്ടര്‍ക്ലാപ് കഴിഞ്ഞ യൂറോ കപ്പില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റി. യൂറോ കപ്പില്‍ ചാമ്പ്യന്മാരായ പോര്‍ചുഗലിനെ സമനിലയില്‍ തളക്കുകയും ഇംഗ്ലണ്ടിനെ അട്ടിമറിക്കുകയും ചെയ്തു അവര്‍.
ഒരു വിഭാഗം ചോദിക്കുന്നത് അന്നം തരുന്ന നാടിനെയല്ലേ പിന്തുണക്കേണ്ടത് എന്നാണ്. പ്രവാസി ലോകത്ത് സൗദി അറേബ്യന്‍ ടീമിനുള്ള നിറപിന്തുണ സോഷ്യല്‍ മീഡിയയില്‍ പ്രകടമാണ്. ഇന്ത്യ ഇത്തവണ യോഗ്യത നേടാത്തതിനാല്‍ ഇത് എളുപ്പമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലോകകപ്പ് നടന്ന കാലത്ത് അവിടത്തെ ഇന്ത്യന്‍ വംശജര്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ചത് വലിയ പൊല്ലാപ്പായിരുന്നു. ജന്മനാടിനെയോ അന്നം തരുന്ന നാടിനെയോ എന്ന ചോദ്യം അവിടെ അലയടിച്ചു.