Sorry, you need to enable JavaScript to visit this website.

അര്‍ബുദത്തേയും നര്‍മത്തേയും ഒരേ നുകത്തില്‍ കെട്ടിയ ഇന്നസെന്റ്

 ഒരിക്കലും തമ്മില്‍ ചേരാത്ത രണ്ടുകാര്യങ്ങള്‍ ആണെങ്കിലും ക്യാന്‍സറിനെയും ചിരിയേയും ഒരേ നുകത്തില്‍  പൂട്ടാന്‍  ഇന്നസെന്റിന് സാധിച്ചു.
 ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഇനിയും ഒരുപാട് തലമുറകള്‍ വായിക്കാനിരിക്കുന്നതേയുള്ളൂ.
 പോസിറ്റീവ് റൈറ്റിംഗ് എന്ന എഴുത്തു രീതിയില്‍ അഭിമാനപൂര്‍വ്വം മലയാളിക്ക് മുന്നില്‍ വയ്ക്കാവുന്ന പുസ്തകം തന്നെയാണ് ക്യാന്‍സര്‍ വാര്‍ഡിലെ ചിരി.
 ഈ ചിരി പടര്‍ന്നുകൊണ്ടേയിരിക്കും.. കാലമവസാനിക്കും വരെയുള്ള തലമുറകളിലേക്ക്.. കാരണം ഈ പുസ്തകം ഒരു ഔഷധമാണ്.
പ്രശസ്ത
 ക്യാന്‍സര്‍ രോഗ ചികിത്സകനായ ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ്  ക്യാന്‍സര്‍  വാര്‍ഡിലെ ചിരി എന്ന ഇന്നസെന്റിന്റെ അനുഭവക്കുറിപ്പുകള്‍ ആരംഭിക്കുന്നത്. അദ്ദേഹം കുറിച്ചിട്ട വാക്കുകള്‍ ഇപ്രകാരമാണ്  -
ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ ക്യാന്‍സറിനുള്ള ഒരു മരുന്നാണ്.
ഡോക്ടര്‍ പറയുന്ന അതെ വഴിയില്‍ കൂടി ശാസ്ത്രത്തെ വിശ്വസിച്ച് ഡോക്ടറെ വിശ്വസിച്ച് മുന്നോട്ടു പോയ ധീരനായ ഒരു രോഗിയായിരുന്നു ഇന്നസെന്റ്.  ക്യാന്‍സര്‍ രോഗികളില്‍ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത പോലും ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളില്‍ അലട്ടിയിട്ടുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാതെ സമര്‍ത്ഥമായി മറച്ചു പിടിച്ച് അദ്ദേഹം അഭിനയിച്ചു. പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞു പോയതായി എനിക്ക് തോന്നിയത്.....

ക്യാന്‍സറിന്  ഇന്നസെന്റ് കണ്ടുപിടിച്ച അക്ഷരമരുന്നാണ് ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകമെന്ന്  നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

 ഒരു ക്യാന്‍സര്‍ രോഗി ആയാല്‍ ജീവിതം അതോടെ തീര്‍ന്നു എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അവര്‍ക്കുള്ള അക്ഷര സാന്ത്വനമാണ്, അക്ഷര അതിജീവനമാണ് ഇന്നസെന്റ് ക്യാന്‍സര്‍ രോഗശയ്യയില്‍ നിന്നെഴുതിയ ഈ പുസ്തകം.
 താന്‍ കടന്നുപോയതും അനുഭവിച്ചതുമായ ക്യാന്‍സര്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍ ചിരി മരുന്നും ചിരിയുപ്പും ചേര്‍ത്ത് അദ്ദേഹം രുചികരമായ ഒരു ഔഷധക്കൂട്ട് ഉണ്ടാക്കി.
 അതിന് അദ്ദേഹത്തെ സഹായിച്ച ശ്രീകാന്ത് കോട്ടക്കലിനും കാലം നന്ദി പറഞ്ഞുകൊണ്ടേയിരിക്കും.

അനിയത്തിപ്രാവ് എന്ന സിനിമയില്‍ ഇന്നസെന്റിന്റെ  കഥാപാത്രം കുഞ്ചാക്കോ ബോബനോടും ശാലിനിയോടും പറയുന്ന ഡയലോഗ് പോലെ
പാഠമാണിത്, ഒരുപാട് പേര്‍ക്കുള്ള പാഠം...

 ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ക്യാന്‍സര്‍ വാര്‍ഡിലെ ചിരി.
സ്വന്തം ജീവിതം ഇന്നസെന്റ് മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകമായി തുറന്നുവെച്ചപ്പോള്‍ അതില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു - ക്യാന്‍സര്‍ ബാധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും. ഈ രണ്ടു കൂട്ടത്തില്‍ പെട്ടവര്‍ക്കും ഈ പുസ്തകം രണ്ടു തരത്തിലുള്ള ഫീലിംഗ് ആണ് സമ്മാനിക്കുന്നത്. എന്നാല്‍ അത് നെഗറ്റീവ് ഫീലിംഗ് അല്ല തികച്ചും പോസിറ്റീവ് ആയിട്ടുള്ള ഫീലിംഗ് ആണ്.

 കുട്ടികള്‍ മുതല്‍ ഇത് വായിക്കണം എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ സിലബസില്‍ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പെടുത്തി. അഞ്ചാം ക്ലാസിലെ കേരള പാഠാവലിയില്‍   കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പേരില്‍ പാഠ്യ വിഷയമായി.ഇന്നസെന്റിന്റെ ക്യാന്‍സര്‍  വാര്‍ഡിലെ ചിരി കേരള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മഹാ വ്യാധിയ്ക്കും  മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാവാത്ത ഇന്നസെന്റ് എന്ന  യോദ്ധാവിനോടുള്ള ആദരവ് കൂടിയായി അത്. മഹാരോഗങ്ങളെ മനക്കരുത്തുമായി മഹാചിരികൊണ്ട് കീഴടക്കിയ കഥ കുട്ടികളും വായിച്ചു പഠിച്ചു...


ക്യാന്‍സര്‍ രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ മുന്നിലെത്തുന്ന രോഗികള്‍ക്ക് ഈ പുസ്തകം കൂടി വായിക്കാന്‍ മരുന്നിനൊപ്പം നിര്‍ദ്ദേശിച്ചു...

 മഹാരോഗത്തിനും മുന്നിലും ചിരി കൈവിടാതെ നില്‍ക്കുന്ന ഇന്നസെന്റിനെ ഈ പുസ്തകത്തിലുടനീളം കാണാം.
 അസുഖബാധിതനായ ശേഷം ഇരിങ്ങാലക്കുട പള്ളിയിലെ പെരുന്നാളിന് വീട്ടിലെത്തിയ ബന്ധുക്കളെയും കൂട്ടുകാരെയും അഭിമുഖീകരിച്ച അവസ്ഥ നര്‍മ്മം കലര്‍ത്തിയാണ് ഇന്നസെന്റ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതെത്ര വേദനാജനകമായിരുന്നു എന്ന് പിന്നീട് ആലോചിക്കുമ്പോള്‍ മനസ്സിലാകും.
 അസുഖം ആയിട്ട് പോലും എങ്ങനെ ചിരിക്കാന്‍ കഴിയുന്നു,  എങ്ങനെ ചിരി കൈവിടാതെ കൊണ്ടുനടക്കാന്‍ കഴിയുന്നു എന്ന് മമ്മൂട്ടി ചോദിച്ചതും പുസ്തകത്തില്‍ ഉണ്ട്.
 തിക്കുംതിരക്കും ബഹളവും ആളനക്കവും ഇല്ലാത്ത പാര്‍പ്പിടം എന്ന വീട് പുറത്തുനിന്നും നോക്കി ഇന്നസെന്റ് മരിച്ചുവോ എന്ന് ചോദിച്ച ആളോട് ഇല്ല മരിച്ചിട്ടില്ല അടുത്ത കൊല്ലം മരിക്കും അതിന്റെ റിഹേഴ്‌സലാ എന്ന് പറയുന്ന ഇന്നസെന്റ്  റാംജിറാവു സിനിമയില്‍ ഉറുമീസ് തമ്പാന്‍ ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ല 10 മിനിറ്റ് മുന്‍പ് മരിച്ചു പോയി   എന്ന് പറയുന്ന മാന്നാര്‍ മത്തായിയുടെ വേറെ പകര്‍പ്പാണ്.
 ഈ നര്‍മ്മബോധം കണ്ടുകൊണ്ടുതന്നെയാണ് മമ്മൂട്ടി അത്ഭുതത്തോടെ ചോദിച്ചത് ഇതെല്ലാം എങ്ങനെ സാധിക്കുന്നുവെന്നും എങ്ങിനെ സാധിക്കുന്നുവെന്ന്...

 ഭാര്യ ആലീസിനും തന്നെ ചികിത്സിച്ച ഡോക്ടര്‍ ലിസിക്കും ക്യാന്‍സറാണ് എന്നറിഞ്ഞ നിമിഷത്തില്‍ ഇന്നസെന്റ് പതറി  പോയിരുന്നു..

 തനിക്ക് എന്തുവന്നാലും അത് നേരിടാന്‍ ഇന്നസെന്റിന് അപാര ധൈര്യമായിരുന്നു. എന്നാല്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവര്‍ക്ക് അസുഖം വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇന്നസെന്റിന്  ആകുമായിരുന്നില്ല.
 ആ സന്ദര്‍ഭങ്ങളില്‍ മാത്രം ക്യാന്‍സര്‍ വാര്‍ഡില്‍ നിന്ന് ആരും ചിരി കേട്ടിട്ടില്ല.

 

Latest News