Sorry, you need to enable JavaScript to visit this website.

ധനപൂജയും ബഹുദൈവ വിശ്വാസം;ശുദ്ധീകരിക്കണം

വ്യക്തിക്ക് സമ്പത്തിന്മേലുള്ള അവകാശം സര്‍വ്വതന്ത്രസ്വതന്ത്രമോ നിരുപാധികമോ അല്ല. അത്യാവശ്യഘട്ടങ്ങളില്‍ ഉടയതമ്പുരാനായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കനുസൃതമായി വ്യക്തിയുടെ ഉടമസ്ഥതയെ സമൂഹത്തിന് നിയന്ത്രിക്കാവുന്നതാണ്. ഈ തത്വം സാമൂഹ്യ ജീവിയായ മാനവന്റെ ഭൂമിയിലെ സ്ഥാനത്തോടും ജീവിതവുമായി ബന്ധപ്പെട്ട പ്രകൃതി സത്യത്തോടും പ്രപഞ്ച ഘടനയോടും ചേര്‍ന്നു നിര്‍ക്കുന്ന താളപ്പൊരുത്തമുള്ള, പ്രയോജന പ്രദവും പ്രായോഗികവും സുഭദ്രവുമായ നിലപാടാണ്. ഇതാണ് ഇസ്ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മൂലതത്വം.
പ്രപഞ്ചത്തില്‍ എല്ലാം സമൃദ്ധവും സന്തുലിതവുമാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ട്. മാനവന്‍ ഈ ജീവജാലങ്ങളില്‍ പ്രമുഖനും കേന്ദ്ര സ്ഥാനീയനുമാണെങ്കിലും അവന്‍ ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയല്ല. എണ്ണത്തില്‍ മനുഷ്യരെക്കാള്‍ വളരെക്കൂടുതലാണ് മറ്റ് പല ജീവികളും. ആയുസ്സിന്റെ കാര്യത്തിലും മനുഷ്യരെക്കാള്‍ ദീര്‍ഘായുസ്സുള്ള ഒട്ടേറെ ജന്തുക്കളുണ്ട്. ഇവക്ക് ജീവസന്ധാരണത്തിനോ നിലനില്‍പ്പിനോ ഭക്ഷ്യ വിഭവങ്ങളുടെ കമ്മിയോ ദൗര്‍ലഭ്യതയോ കാണുന്നില്ല. എത്രയെത്ര ജന്തു വര്‍ഗങ്ങളാണീ ഭൂമുഖത്ത്! അവയൊന്നും തങ്ങളുടെ അന്നം കെട്ടിപ്പേറി കൊണ്ടുനടക്കുന്നില്ല. അല്ലാഹുവാണ് അവക്കും നിങ്ങള്‍ക്കും ആഹാരമേകുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍'' (29:60). ഭൂമുഖത്തെ സകല ജന്തുജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ആഹാരാദി സകല വിഭവങ്ങളും സംവിധാനിച്ച് സംരക്ഷിക്കുന്നവന്‍ (റബ്ബ്, റസ്സാഖ്) ആല്ലാഹു ആയിരിക്കെ, ഈ പ്രപഞ്ചം ഇതര ജന്തുജാലങ്ങള്‍ക്കെല്ലാം ആവശ്യാനുസൃതം തികയുന്നതും, മനുഷ്യന് മാത്രം എപ്പോഴും ദാരിദ്ര്യവും,ക്ഷാമവും എന്ന സ്ഥിതി സംഭവ്യമല്ല എന്നാണ് ഈ വിശുദ്ധ സൂക്തം തെര്യപ്പെടുത്തുന്നത്. ''ഭൂമിയില്‍ ചരിക്കുന്ന ഒരു ജീവിയുമില്ല, അതിന്റെ ആഹാരം അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലായിട്ടല്ലാതെ. അവ എവിടെ നിലകൊള്ളുന്നുവെന്നതും എവിടെ ചെന്നെത്തുന്നുവെന്നതും അവന്‍ അറിയുന്നു'' (11:6).

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 പ്രത്യക്ഷത്തില്‍ പരിമിതമായ ഉപാധികളും സാധ്യതകളും മാത്രമുള്ള ജീവിവര്‍ഗങ്ങള്‍ക്ക് ഈ പ്രകൃതി സമ്പന്നവും സമൃദ്ധവുമാണ്. ഈ ജീവി വര്‍ഗങ്ങളെയും സസ്യലതാദികളെയുമെല്ലാം തന്റെ ആഹാരവും വിഭവങ്ങളുമായിട്ടുപയോഗിക്കുന്ന, പുതിയ സാധ്യതകളും വിഭവങ്ങളും കണ്ടെത്തുന്ന സവിശേഷമായ ഒരു പാട് കഴിവുകളും വിശേഷ ബുദ്ധിയുമുള്ളവനാണ് മനുഷ്യന്‍. അവന് വിഭവക്കമ്മിയും ക്ഷാമവും വല്ലാതെ അനുഭവപ്പെടുന്നുവെന്നത് വിരോധാഭാസം തന്നെയാണ്.സത്യത്തില്‍ മനുഷ്യന്‍ തന്റെ പിടിപ്പുകേടിനും കെടുകാര്യസ്ഥതക്കും സ്വയംകൃതാനാര്‍ഥങ്ങള്‍ക്കും പ്രകൃതിയെയും അതിന്റെ സംവിധായകനും പരിപാലകനുമായ ദൈവത്തെയും പഴിക്കുകയാണ് ചെയ്യുന്നത്.
നൈസര്‍ഗിക സിദ്ധികളും ജന്മവാസിനെയുമാകുന്ന ഹിദായത്തേകിയ  ഏക മഹാശക്തി (അല്ലാഹു) തന്നെയാണ് സാമ്പത്തികരംഗം ഉള്‍പ്പെടെ സ്വാതന്ത്ര്യം നല്‍കപ്പെട്ട നിഖില മേഖലകളിലും സാന്മാര്‍ഗിക മാര്‍ഗദര്‍ശനം പ്രദാനം ചെയ്യേണ്ടത്. അവന്‍ തന്നെയാണ് സകല മേഖലകളിലും ചിട്ടകളും ചട്ടങ്ങളും നിര്‍ദേശിച്ചു തരേണ്ടത്.
സമ്പൂര്‍ണമായ ഇസ്ലാമിക വ്യവസ്ഥിതി ജന്തുക്കളുടെ നൈസര്‍ഗിക വാസനകളെ പോലെ കുറ്റമറ്റതും യുക്തിഭദ്രവും വളരെയേറെ പ്രയോജനപ്രദവുമായിരിക്കും. പ്രാണവായു പോലെ സമൃദ്ധവും പ്രകൃതി ജലം പോലെ സുലഭവും വെളിച്ചം പോലെ സുതാര്യവുമായിരിക്കും. ദൈവദത്തമായ ഇസ്ലാമിക വ്യവസ്ഥിതി പ്രപഞ്ചം പോലെ അതീവ സുന്ദരവും ഉദ്ഗ്രഥിതവും പരസ്പര പൂരകവും അവിഭാജ്യവുമാണ്. ഇസ്ലാമിന്റെ സുപ്രധാന ഭാഗമായ സകാത്ത് ഇസ്ലാമിന്റെ മറ്റിതര അനുഷ്ഠാനങ്ങളുമായും ജീവിത ദര്‍ശനങ്ങളുമായും തത്വനിര്‍ദേശങ്ങളുമായും ചേര്‍ന്നുനിര്‍ക്കുമ്പോഴേ അതിന്റെ ബഹുമുഖമായ പൂര്‍ണനന്മയും പ്രയോജനങ്ങളും പുലരുകയുള്ളൂ.
സകാത്ത് മര്യാദ പ്രകാരം കൃത്യമായി കൊടുത്തു വീട്ടാത്തവനെയാണ് വിശുദ്ധ ഖുര്‍ആന്‍ മുശ് രിക്ക്' എന്ന് ആക്ഷേപിക്കുന്നത്. ''സകാത്ത് നല്‍കാത്ത മുശ് രിക്കുകള്‍ (ബഹുദൈവാരാധകര്‍)ക്കാണ് മാഹാനാശം. അവര്‍ പരലോകത്തെ നിഷേധിക്കുന്നവരുമാകുന്നു (41: 7) സമ്പത്തിനെപ്പറ്റി ശരിയായ കാഴ്ച്ചപ്പാടില്ലാത്തവര്‍ക്ക് വീക്ഷണ  വ്യതിയാനങ്ങള്‍ സംഭവിക്കും. അല്ലാഹുവാണ് സമ്പത്തിന്റെ ദാതാവും ഉടമസ്ഥനും. ആകയാല്‍ ഉടയവനായ അല്ലാഹു അനുശാസിച്ചാല്‍ നിശ്ചിത വിഹിതം അതിന്റ അവകാശികള്‍ക്കെത്തിച്ചു കൊടുക്കണം. അപ്രകാരം ചെയ്യാതിരിക്കുന്നത് കടുത്ത ദൈവധിക്കാരവും നിഷേധവുമായിരിക്കും. നമസ്‌കരിച്ചും മറ്റും അല്ലാഹുവിനെ ആരാധിക്കുകയും സകാത്ത് നല്‍കാതെ സമ്പത്ത് കെട്ടിപ്പൂട്ടി സൂക്ഷിച്ചുകൊണ്ട് ധനപൂജ നടത്തുകയും ചെയ്താല്‍ പരമാര്‍ഥത്തില്‍ അയാള്‍ മുശ് രിക്ക് അഥവാ ബഹുദൈവാരാധകനായിത്തീരുന്നു.
പള്ളിയില്‍ ചെന്ന് അല്ലാഹുവിനെ ആരാധിക്കുകയും കച്ചവട സ്ഥാപനത്തിലും വീട്ടിലുമെല്ലാം നിരന്തരം ധനപൂജ നടത്തുകയും ചെയ്യുമ്പോള്‍ അദ്ദേഹം അല്ലാഹുവിനെ കൂടാതെ, ഒരുവേള അല്ലാഹുവിനേക്കാളുപരി ധനപൂജ നടത്തുന്നുവെന്നതാണ് വസ്തുത. ധനപൂജ കുഫ്‌റും ശിര്‍ക്കുമാണെന്ന് സൂറ അല്‍ കഹ്ഫിലെ തോട്ടക്കാരന്റെ സംഭവം മനസ്സിലാക്കി തരുന്നുണ്ട്. ബഹുദൈവ വിശ്വാസത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട നാഗരികതയിലെ ഭാഷയില്‍ പോലും ധനപൂജ ശിര്‍ക്കിന്റെ പലവിധ അടയാളങ്ങള്‍ കാണാം. 'കോടീശ്വരന്‍' എന്ന പ്രയോഗം ഒരു ഉദാഹരണമാണ്. വിഗ്രഹ പൂജ അര്‍ഥശൂന്യവും അനര്‍ഥകരവുമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണല്ലോ അവന്‍ ഏക ദൈവ വിശ്വാസത്തിലെത്തുന്നത്. പക്ഷെ അപ്പോഴും അവനെ ഗുരുതരമാംവിധം സദാ വേട്ടയാടുന്ന മഹാഭീഷണിയാണ്. ധനപൂജാ സംസ്‌കാരവും തജ്ജന്യമായ പ്രവണതകളും. തന്റെ ആദര്‍ശത്തെ ഗ്രസിച്ചേക്കാനിടയുള്ള ധനപൂജാ സംസ്‌കാരത്തിനെതിരിലുള്ള ഫലപ്രദമായ പ്രതിരോധ നടപടിയാണ് സകാത്തും മറ്റിതര ദാനധര്‍മ്മങ്ങളും. തനിക്കൊരിക്കലും ധനപൂജയെന്ന മഹാര്‍ബുദത്തിന്റെ ലാഞ്ചന പോലും ബാധിക്കുന്നില്ലെന്ന് നിതാന്ത ജാഗ്രതയോടെ ഉറപ്പുവരുത്താന്‍ സത്യവിശ്വാസി സദാ ബാധ്യസ്ഥനാണ്. ഖുര്‍ആന്‍ പുണ്യത്തെ (ബിര്‍റ്) നിര്‍വചിക്കുന്നേടത്ത് സത്യവിശ്വാ(ഈമാന്‍)സത്തിന്റെ അടിത്തറ പറഞ്ഞതില്‍ പിന്നെ വിശദമായി ഉദാരമായ ദാനധര്‍മ്മങ്ങള്‍(ഇന്‍ഫാഖ്)പറഞ്ഞത് ഇക്കാരണത്താലാണ്. അതിന് ശേഷമാണ്  നമസ്‌കാരവും സകത്തും പറഞ്ഞത് (സൂറ:അല്‍ ബഖറ).
ദാനധര്‍മ്മങ്ങള്‍ ഉദാരമായി നിര്‍വഹിക്കലും സക്കാത്ത് നല്‍കലും  തനിക്ക്
ധനപൂജയെന്ന ശിര്‍ക്ക് ബാധിക്കാതിരിക്കാനും സമ്പത്തിന്റെ നേരെയുള്ള നിലപാട് കൃത്യമായിരിക്കാനും വീക്ഷണവിശ്വാസ ശുദ്ധി കാത്തുസൂക്ഷിക്കാനും അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം പരലോകത്ത് നേരിടേണ്ടി വരുന്ന കഠിനശിക്ഷയെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക: ''സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ച് ഖജനാവുകല്‍ലാക്കി കെട്ടിപൂട്ടി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ അതി കഠിന ശിക്ഷയെപ്പറ്റി 'സുവിശേഷ'മറിയിക്കുക. നരകാഗ്‌നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും അവരുടെ പാര്‍ശ്വങ്ങളിലും നെറ്റികളിലും മുതുകുകളിലും ചൂടേല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന നാളില്‍ (അവരോട് പറയപ്പെടും:) നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ശേഖരിച്ച് നിക്ഷേപിച്ചുവെച്ചതാണിത്. ആകയാല്‍ നിങ്ങള്‍ നിക്ഷേപിച്ചു വെച്ചത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക:'' (9:34,35)
ഇത്തരം കഠിന ശിക്ഷക്ക് പാത്രമാവാതിരിക്കാന്‍ സകാത്ത് കൃത്യമായും ഫലപ്രദമായും നല്‍കേണ്ടതുണ്ട്. ഇത് സമ്പന്നന്റെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച് പാവങ്ങള്‍ക്ക് സമ്പത്തിന്റെ ഉടയോനും ദാതാവുമായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന (70:24,25) നിലക്കായിരിക്കണം. ഇതിലൂടെ പാവങ്ങളെ സഹായിക്കലല്ല പ്രഥമവും പ്രധാനവുമായി സംഭവിക്കുന്നത്; മറിച്ച് സമ്പത്ത് കൈവശം വെക്കുന്നവന്റെ സംസ്‌കരണമാണ്. സകാത്ത് എന്നത് അവിഹിതമായി ധനം വാരിക്കൂട്ടാനുള്ള അനുമതിയോ എങ്ങനെയല്ലാമോ അവിഹിതമായി വാരിക്കൂട്ടിയ ധനം ശുദ്ധീകരിക്കാനുള്ള പരിപാടിയോ അല്ല; മറിച്ച് ആര്‍ത്തി, പരിധിയില്ലാത്ത ധനവാഞ്ച, ദുര, സ്വാര്‍ത്ഥത, കുടിലത, ലുബ്ധ്, സങ്കുചിതത്വം, ക്രൂരത തുടങ്ങിയുള്ള പലവിധ ദുര്‍ഗുണങ്ങളില്‍ നിന്ന് ശുദ്ധീകരിച്ച്, അവനില്‍ ദയ, സമസൃഷ്ടിബോധം, സ്‌നേഹം, ത്യാഗമനസ്‌കത, ദാനശീലം, ഔദാര്യബോധം, സാമൂഹ്യബോധം, പരക്ഷേമ തല്‍പരത തുടങ്ങിയ സല്‍ഗുണങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കൂന്നതാണത്. അപ്പോഴാണ് ശുദ്ധീകരണം, സംസ്‌കരണം എന്നിങ്ങനെ സകാത്തിന്റെ പൊരുള്‍ പുലരുന്നതും ആ സംജ്ഞ അര്‍ഥപൂര്‍ണ്ണമാവുന്നതും. ''(നബിയേ!), താങ്കള്‍ അവരുടെ ധനങ്ങളില്‍ നിന്നും നിര്‍ബന്ധ ദാനം വസൂല്‍ ചെയ്ത് അവരെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുക''(9:103). 'അവരെ' എന്ന പ്രയോഗം വഴി സമ്പത്തിനെയല്ല മറിച്ച്, സകാത്ത് ദാതാവിന്റെ മനസ്സിനെയും വീക്ഷണത്തെയും ജീവിതത്തെയുമാണ് ശുദ്ധീകരിക്കുന്നതെന്ന്, വളരെ വ്യക്തമാണ്. സകാത്ത് സമ്പത്തിന്റെ ശുദ്ധീകരണമാകുന്നത് ഉടയ തമ്പുരാനായ അല്ലാഹു നിര്‍ണയിച്ച അന്യരുടെ അവകാശം അവശേഷിച്ച സമ്പത്തില്‍ കൂടിക്കലരുമ്പോഴുള്ള അവിശുദ്ധാവസ്ഥയെ അത് തടയുന്നു എന്ന അര്‍ഥത്തില്‍ മാത്രമാണ്.

 

Latest News