Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് നിരക്കിൽ വൻ കുറവ്

ജിദ്ദ-കേരളത്തിൽനിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവു വന്നതിന് ആനുപാതികമായി ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് ചാർജിലും വൻ കുറവ്. കോഴിക്കോട്-ജിദ്ദ-കോഴിക്കോട് സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ചാർട്ടേഡ് സർവീസുകളിലാണ് ടിക്കറ്റ് നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. അടുത്ത ദിവസങ്ങളിൽ ജിദ്ദയിൽനിന്ന് കോഴിക്കേട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിന് 550 റിയാൽ മുതൽ ടിക്കറ്റ് ലഭ്യമാണ്. ഏപ്രിൽ രണ്ടുവരെയുള്ള ചില ദിവസങ്ങളിൽ 550 മുതൽ 750 റിയാൽ വരെ നൽകിയാൽ ടിക്കറ്റുണ്ടെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ മലയാളം ന്യൂസിനോട് വ്യക്തമാക്കി. കഴിഞ്ഞ മാസം വരെ ജിദ്ദ-കോഴിക്കോട് നിരക്ക് 800 റിയാലിന് മുകളിലായിരുന്നു. ഇതാണ് ഒറ്റയടിക്ക് കുറഞ്ഞത്. 
സാധാരണ ഗതിയിൽ റമദാനിന്റെ തുടക്കത്തിൽ കേരളത്തിൽനിന്ന് ജിദ്ദയിലേക്ക് നിരവധി യാത്രക്കാർ ഉണ്ടാകാറുണ്ട്. എന്നാൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ പ്രതിസന്ധി വന്നതോടെ നൂറു കണക്കിന് ആളുകളുടെ യാത്ര മുടങ്ങി. നേരത്തെ ടിക്കറ്റ് എടുത്തുവെച്ചിരുന്ന ആയിരങ്ങളാണ് നിലവിൽ പ്രതിസന്ധി അനുഭവിക്കുന്നത്. കേരളത്തിലെ സ്‌കൂൾ വെക്കേഷനും റമദാനും പ്രമാണിച്ച് ഒട്ടേറെ കുടുംബങ്ങൾ സൗദിയിലേക്ക് യാത്ര പ്ലാൻ ചെയ്തിരുന്നു. ഇതിനിടയിലാണ് മുംബൈയിലെ സൗദി കോൺസുലേറ്റിൽ വിസ സ്റ്റാമ്പിംഗിൽ പ്രതിസന്ധി നേരിട്ടത്. ചിലരുടെ വിസയിൽ സ്റ്റാമ്പ് പതിപ്പിക്കാത്തതായിരുന്നു ആദ്യ പ്രതിബന്ധം. പിന്നീട് ട്രാവൽ ഏജന്റുമാർക്ക് വിസ സ്റ്റാമ്പിംഗിന് സമർപ്പിക്കേണ്ട പാസ്‌പോർട്ടുകളുടെ എണ്ണം 25 ശതമാനത്തിലേറെ കുറച്ചു. ഈ പ്രതിസന്ധി നിലനിൽക്കെ, അടുത്ത മാസം മുതൽ സ്റ്റാമ്പിംഗിന് പാസ്‌പോർട്ടുകൾ സമർപ്പിക്കേണ്ടത് വി.എഫ്.എസ് വഴി മാത്രമാക്കി നിശ്ചയിച്ചു. നൂറുകണക്കിന് പാസ്‌പോർട്ടുകൾ ഇപ്പോൾ സൗദിയിലേക്ക് സ്റ്റാമ്പ് ചെയ്യുന്നതിനായി കാത്തുനിൽക്കുന്നുണ്ട്. 
സൗദിയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽനിന്ന് ജിദ്ദയിലേക്ക് നേരത്തെ തന്നെ ട്രാവൽസുകൾ മുൻകൈ എടുത്ത് നിരവധി വിമാന സർവീസുകൾ ചാർട്ടർ ചെയ്തിരുന്നു. ഇതിന് പുറമെ സാധാരണയുള്ള വിമാനങ്ങളിലെ ടിക്കറ്റുകളും മുൻകൂട്ടി വാങ്ങിവെക്കും. ഇത് ഈ സെക്ടറിൽ വൻതോതിലുള്ള നിരക്ക് വർധനവിനാണ് ഇടയാക്കാറുള്ളത്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഒരു വിമാനത്തിന് ആകെ നൽകേണ്ട തുക ഒരു ഭാഗത്തേക്കുള്ള യാത്രയിൽതന്നെ സാധാരണ ഗതിയിൽ ട്രാവൽസുകാർക്ക് ലഭിക്കാറുണ്ട്. തിരിച്ചു പോകുന്ന വിമാനത്തിൽനിന്ന് ലഭിക്കുന്ന ടിക്കറ്റുകൾ അധികവരുമാനമാണെന്നാണ് ഒരു ട്രാവൽ ഏജന്റ് പറഞ്ഞത്. അതുകൊണ്ട് ജിദ്ദ കോഴിക്കോട് വിമാനങ്ങളിൽ നിരക്ക് കുറഞ്ഞാലും അത് വിമാന കമ്പനികൾക്കോ ട്രാവൽ ഏജന്റുമാർക്കോ നഷ്ടം വരില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. 

Latest News