Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവർത്തകനെ രാഹുൽ അപമാനിച്ചുവെന്ന് മുംബൈ പ്രസ് ക്ലബ്ബ്

മുംബൈ- ന്യൂദൽഹിയിൽ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് നടന്ന മാധ്യമസമ്മേളനത്തിൽ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനെ അവഹേളിച്ചുവെന്ന്  മുംബൈ പ്രസ് ക്ലബ്. കോടതി ശിക്ഷിച്ച സാഹചര്യത്തിൽ എം.പി സ്ഥാനം നഷ്ടമാകുമോ എന്നതുൾപ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുൽ ക്ഷുഭിതനായി എന്നാണ് ആരോപണം. ബി.ജെ.പിക്ക് വേണ്ടി ജോലി ചെയ്യുന്നത് എന്തിനാണെന്നും ബി.ജെ.പിക്കു വേണ്ടി ജോലി ചെയ്യാനാണെങ്കിൽ എന്തിനാണ് മാധ്യമപ്രവർത്തകനായി തുടരുന്നതെന്നുമായിരുന്നു രാഹുലിന്റെ ചോദ്യം. ഒരു മാധ്യമപ്രവർത്തകന്റെ ജോലി വാർത്താസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയിൽ ചോദ്യം ചോദിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തനത്തിൻറെ അന്തസ്സിനെതിരെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാവായ രാഹുൽ പ്രവർത്തിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ് ക്ലബ് പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ട് ചെയ്യാനും വിമർശനാത്മകമായ അഭിപ്രായങ്ങൾ നൽകാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ എല്ലാ രാഷ്ട്രീയ പ്രവർത്തകരോടും ഒരിക്കൽക്കൂടി അഭ്യർഥിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ല് സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശമാണെന്ന് ഓർക്കണം. രാഹുൽ ഗാന്ധി തിരുത്തൽ വരുത്തുകയും ബന്ധപ്പെട്ട മാധ്യമപ്രവർത്തകനോട് മാപ്പ് പറയുകയും ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
 

Latest News