Sorry, you need to enable JavaScript to visit this website.

ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നു, ആള്‍ ദൈവം  സന്ദര്‍ശക ഫീസ് രണ്ടര ലക്ഷമായി ഉയര്‍ത്തി

ലഖ്‌നൗ-ശ്രീനിവാസന്‍ ഉദയാനാണ് താരം സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പ്രതിഫലം ഉയര്‍ത്തുന്നതിനെ ന്യായീകരിക്കുന്നുണ്ട്. വിമര്‍ശകര്‍ക്ക് എന്തും പറയാം. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസ ചെലവ് ഉള്‍പ്പെടെ എല്ലാം കൂടിയില്ലേ എന്നായിരുന്നു ന്യായം. ഇതു പോലെ ഇതാ യു.പിയിലെ ആള്‍ദൈവവും സന്ദര്‍ശക ഫീസ് കുത്തനെ കൂട്ടിയിരിക്കുന്നു. ഒന്നും കൊണ്ടല്ല. സാധനങ്ങള്‍ക്കൊക്കെ ഇപ്പോള്‍ എന്തൊരു തീ പിടിച്ച വിലയാണ്. സ്വാമിക്കും ഒരു വിധം ജീവിച്ചു പോകണ്ടേ? സന്ദര്‍ശക ഫീസ് ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായാണ് ഉയര്‍ത്തിയത്. രോഷാകുലരാവാന്‍ വരട്ടെ. മൂന്ന് നാല് ദിവസം കൂടി പഴയ നിരക്കിലാവാം. ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോഴേ ആള്‍ ദൈവത്തിന്റെ റിവൈസ്ഡ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയുള്ളു. കരൗലി ബാബ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് സിംഗ് ഭദോറിയയാണ്  തന്റെ ആശ്രമത്തില്‍ ഏകദിന പൂജയില്‍ പങ്കെടുക്കുന്നവര്‍ അടയ്ക്കേണ്ട ഫീസ് 1.51 ലക്ഷത്തില്‍ നിന്ന് 2.51 ലക്ഷമാക്കി ഉയര്‍ത്തിയത്. ആശ്രമത്തില്‍ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങള്‍ പോലും ഭേദമാകും എന്നാണ് ആള്‍ദൈവം പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ കുറഞ്ഞത് ഒമ്പത് തവണയെങ്കിലും പൂജയ്ക്കെത്തണം.  തിരക്കേറിയ തന്റെ ഭക്തര്‍ക്ക് അതിന് സാധിക്കാത്തതിനാല്‍ അതിവേഗ പൂജയും ചെയ്തുകൊടുക്കാറുണ്ട്. ഇവര്‍ക്കുള്ള ഫീസാണ് ഒരു ലക്ഷം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 2.51 ലക്ഷം ആക്കിയിരിക്കുന്നത്. ഈ മാസം 31 വരെ പൂജകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ ഫീസ് നടപ്പിലാക്കുന്നത്.അടുത്തിടെ കരൗലി ബാബയുടെ പൂജയില്‍ പങ്കെടുത്തിട്ടും പ്രയോജനം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് ഒരാള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ബാബ ആരോപിക്കുന്നത്. കോവിഡ് വ്യാപനമുണ്ടായപ്പോഴും തന്റെ ഭക്തരാരും രോഗം ബാധിച്ച് മരണപ്പെട്ടില്ലെന്ന് ബാബ അവകാശപ്പെട്ടിരുന്നു.
 

Latest News