ദല്‍ഹിയില്‍ കോണ്‍ഗ്രസ് സത്യഹ്രഹത്തിന്  പോലീസ് അനുമതി നിഷേധിച്ചു, നിരോധനാജ്ഞ

ന്യൂദല്‍ഹി-രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്താനിരുന്ന സത്യഗ്രഹത്തിന് ദല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സത്യഗ്രഹസമരം തീരുമാനിച്ചിരുന്നത്.
രാജ്ഘട്ടിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചതായും, ഈ പ്രദേശത്ത് അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുചേരാന്‍ പാടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. രാജ്ഘട്ട് മേഖലയില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സത്യഗ്രഹത്തില്‍ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ രാവിലെ തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.പോലീസ് അനുമതി നിഷേധിച്ചതിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ലമെന്റില്‍ ശബ്ദം ഉയരാതെ അടിച്ചമര്‍ത്തിയതിന് പിന്നാലെ, ബാപ്പുജിയുടെ സമാധിഘട്ടില്‍ സമാധാനപരമായ സത്യഗ്രഹ സമരം നടത്താനുള്ള അനുമതിയും ഭരണകൂടം നിഷേധിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള മോഡി സര്‍ക്കാരിന്റെ സമീപനമാണിത്. ഇതുകൊണ്ടൊന്നും സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും പിന്തിരിയില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.  പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യം ഭരിക്കുന്നവര്‍ ഒരു വ്യവസായിയുടെ പിറകെയാണ്. അതു ചൂണ്ടിക്കാട്ടിയതിനാണ് വേട്ടയാടല്‍. ഇതു രാജ്യചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.

Latest News