വെടിയേറ്റ സഹോദരന് ചികിത്സ വൈകിപ്പിച്ചെന്ന് കഫീല്‍ ഖാന്‍ (video)

ഗൊരഖ്പൂര്‍- കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ സഹോദരന്‍ കാശിഫ് ജമീലിന് ചികിത്സ നല്‍കുന്നത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പോലീസ് വൈകിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍.
കാശിഫിന്റെ ശരീരത്തില്‍ തുളച്ചു കയറിയ മൂന്ന് വെടിയുണ്ടകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിട്ടും ചികിത്സ തുടങ്ങുന്നതിനു മുമ്പ് കേസ് ഫയല്‍ ചെയ്യേണ്ടതുണ്ടെന്ന് പോലീസ് നിര്‍ബന്ധം പിടിച്ചുവെന്ന് കഫീല്‍ ഖാന്‍ ആരോപിച്ചു. ഗൊരഖ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഒരു മണിക്കൂറോളം സമയമെടുത്ത് നിയമപ്രകരാമുള്ള കേസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കഫീല്‍ഖാന്‍ പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്.
മെഡിക്കല്‍ കോളേജില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിനു ശേഷമേ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ തുടരാനുള്ള ക്ലിയറന്‍സ് ലഭിക്കൂവെന്നും പോലീസ് അറിയിച്ചതായി കഫീല്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ കേസ് നേരത്തെ തന്നെ രജിസറ്റര്‍ ചെയ്തു കഴിഞ്ഞതിനാല്‍ വീണ്ടും ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മെഡിക്കല്‍  കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്.
സാങ്കേതിക കാരണങ്ങല്‍ പറഞ്ഞ് വൈകിപ്പിച്ചെങ്കിലും സഹോദരന്റെ ശരീരത്തിലെ മൂന്ന് വെടിയുണ്ടകളും വിജയകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും അപകടനില തരണം ചെയ്തതായും കഫീല്‍ ഖാന്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണിപ്പോള്‍.
സഹോദരനു നേരെ വെടിവപ്പുണ്ടായത് ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ 500 മീറ്റര്‍ അടുത്തു വെച്ചാണ്. ഈ സമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്ര പരിസരത്ത് അന്തിയുറങ്ങുന്നുണ്ടായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ആരാണ് വെടിയുതിര്‍ത്തതെന്ന് ആര്‍ക്കും അറിയില്ല. ഞായറാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് കാശിഫ് ജമീലിനു വെടിയേറ്റതെന്ന് പോലീസ് പറയുന്നു. ഗൊരഖ്പൂരിലെ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം നടന്നത്.
രാത്രി 10.30-ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേര്‍ തന്നെ തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നെന്നാണ് കാശിഫ് പറഞ്ഞതെന്ന് കോട്വാലി പോലീസ് എസ്.എച്ച്.ഒ ഗണശ്യാം തിവാരി പറഞ്ഞു. ആക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവം നടന്ന് അരമണിക്കൂറിനു ശേഷമാണ് പോലീസിനു വിവരം ലഭിച്ചതെന്ന് സി.ഐ അതുല്‍ കുമാര്‍ ചൗബെ പറഞ്ഞു. പോലീസെത്തുന്നതിനു മുമ്പ് തന്നെ കാശിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

Latest News