Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് വരും; മാലിന്യ ശേഖരണത്തിന് പുതിയ കമ്പനി

കൊച്ചി- ബ്രഹ്മപുരത്ത് പുതിയ പ്ലാന്റും, ബയോ മാലിന്യ ശേഖരണത്തിന് പുതിയ സ്വകാര്യ കമ്പനിയും വരുന്നു. ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ നിന്നുള്ള ബയോ മെഡിക്കൽ, സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണം, സംസ്‌കരണം എന്നിവയ്ക്ക് സ്വകാര്യ കമ്പനിയെ നിയോഗിക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു.  സ്‌നഗി, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള ഗാർഹിക ബയോമെഡിക്കൽ മാലിന്യങ്ങൾ സർക്കാർ മാനദണ്ഡ പ്രകാരം ശേഖരിച്ച് ശാസ്ത്രീയമായി നിർമാർജനം ചെയ്യാൻ മെർക്കന്റയിൽസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഒരു കിലോ മാലിന്യം 45 രൂപ ഈടാക്കിയാകും സ്ഥാപനമെടുക്കുക. കോർപറേഷൻ ആരോഗ്യ സമിതിയുടെ തീരുമാനത്തിന് ഇന്നലെ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. 
കോർപറേഷൻ പരിധിയിലെ വീടുകളിൽ നിന്നുള്ള ബയോ മെഡിക്കൽ, സാനിറ്ററി മാലിന്യം നേരത്തെ മാലിന്യ ശേഖരണ തൊഴിലാളികൾ തന്നെ ശേഖരിക്കുന്നതായിരുന്നു രീതി. എന്നാൽ ഇതിന്റെ ശാസ്ത്രീയമായ സംസ്‌കരണം വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് വീടുകളിൽ നിന്നുള്ള ബയോ മെഡിക്കൽ, സാനിറ്ററി മാലിന്യ സംസ്‌കരണത്തിനു സ്വകാര്യ കമ്പനിയെ നിയോഗിക്കാനുള്ള നടപടികൾ കോർപറേഷൻ സ്വീകരിച്ചത്. അതേസമയം, ബ്രഹ്മപുരത്തെ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ നടത്തിപ്പും പരിപാലനവും നടത്തിയിരുന്ന സ്റ്റാർ കൺസ്ട്രക്ഷന് കരാർ പുതുക്കി നൽകേണ്ടതില്ലെന്നും കൗൺസിൽ  തീരുമാനിച്ചു. 
ജൈവ മാലിന്യം പരമാവധി വീടുകളിൽ തന്നെ സംസ്‌കരിക്കണമെന്ന് മേയർ അഡ്വ.അനിൽകുമാർ പറഞ്ഞു. ഫ്ലാറ്റുകളും ഇതിനുള്ള സംവിധാനം തയാറാക്കണം. എന്നിട്ടും അവശേഷിക്കുന്ന മാലിന്യങ്ങൾ മാത്രമേ ഇനി ബ്രഹ്മപുരത്ത് സംസ്‌കരിക്കൂ. നിലവിലെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പറ്റില്ല. 150 ടൺ വരെ സംസ്‌കരിക്കാൻ കഴിയുന്ന പുതിയ പ്ലാന്റ് ബ്രഹ്മപുരത്ത് സജ്ജീകരിക്കും. എന്നാൽ അതിന് സമയമെടുക്കും. അതുവരെ കൃത്യമായി മാലിന്യ സംസ്‌കരണം നടത്താൻ കോർപറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും മേയർ വ്യക്തമാക്കി. 
രണ്ട് കൗൺസിലാണ് ഇന്നലെ ചേർന്നത്. രാവിലെ ആദ്യ കൗൺസിൽ ചേരാൻ മേയർ എത്തിയപ്പോൾ തന്നെ ബഹളം തുടങ്ങിയിരുന്നു. ഇതേത്തുടർന്ന് പ്രതിഷേധങ്ങൾ വകവെക്കാതെ അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷം ചേർന്ന സ്‌പെഷ്യൽ കൗൺസിലിലും യു.ഡി.എഫ് അംഗങ്ങൾ ബഹളം തുടർന്നതോടെ അജണ്ട പാസാക്കി പിരിയുകയായിരുന്നു.

Latest News