ന്യൂദല്‍ഹി- മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സി.പി.എമ്മും ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ചതിനെത്തുടര്‍ന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നാല്‍ ഇടതുപക്ഷം മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോഴുണ്ടായ കോടതി വിധി അന്തിമമല്ല. തങ്ങള്‍ക്ക് ആരെയും കൈകാര്യം ചെയ്യാന്‍ അധികാരമുണ്ട് എന്ന ബോധപൂര്‍വമായ ഇടപെടലാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേള്‍ക്കേണ്ടതില്ലെന്ന നിലപാടാണ് ബി.ജെ.പി എടുക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കും- എം.വി ഗോവിന്ദന്‍ പറഞ്ഞു.