Sorry, you need to enable JavaScript to visit this website.

റഷ്യൻ യുവതി നേരിട്ടത് ക്രൂരപീഡനം; രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്- കൂരാച്ചുണ്ടിൽ ക്രൂര പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യൻ യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രറ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി കൂരാച്ചുണ്ട് സ്വദേശി ആഖിലിനെ (27)റിമാന്റ് ചെയ്ത് കൊയിലാണ്ടി സബ് ജയിലേക്ക് മാറ്റി. തുടരന്വേഷണത്തിനായി പ്രതിയെ കൂരാച്ചുണ്ട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. മൊഴിയെടുക്കലും ചികിത്സയും പൂർത്തിയായാൽ യുവതിയെ റഷ്യൻ എംബസി മുഖേനേ തിരിച്ചയക്കുമെന്ന് പോലീസ് അറിയിച്ചു. യുവതിയ്ക്ക് 2024 വരെ ഇന്ത്യയിൽ തങ്ങാനുള്ള വിസയുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. താൻ നേരിട്ടത് ക്രൂരപീഡനമാണെന്നാണ് യുവതി നൽകിയ മൊഴി. ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ ഫോണും പാസ്‌പോർട്ടും നശിപ്പിച്ചു. ഇരുമ്പ് വടി കൊണ്ട് ക്രൂരമായി അടിച്ചു. റഷ്യയിലേക്കു മടങ്ങിപ്പോകുന്നത് തടയാൻ തടങ്കലിലാക്കി. അടിയേറ്റ് യുവതിയുടെ കൈമുട്ടിനും കാൽമുട്ടിനും പരുക്കേറ്റിട്ടുണ്ട്.
പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലഹരി നൽകിയിരുന്നെന്നും റഷ്യൻ യുവതി മൊഴി നൽകി. പാസ്‌പോർട്ട് തന്റെ മുന്നിൽ വച്ചാണു വലിച്ചുകീറി കളഞ്ഞത്. ആഖിലിന്റ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഉപദ്രവത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് കൂരാച്ചുണ്ട് സ്വദേശിയെ പരിചയപ്പെട്ടത്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ആഖിലിന്റെ അടുത്തേക്ക് യുവതി എത്തി. കഴിഞ്ഞ മാസം ഇരുവരും ഇന്ത്യയിൽ എത്തുകയും പലയിടങ്ങളിലായി താമസിച്ച ശേഷം മൂന്നാഴ്ച മുമ്പ് കൂരാച്ചുണ്ടിലെ വീട്ടിലെത്തുകയും ചെയ്തു. ഇതിനിടെ ഇരുവരും തമ്മിൽ പല തവണ തർക്കമുണ്ടായത്. കൂരാച്ചുണ്ട് ഇൻസ്‌പെക്ടർ കെ.പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര ഡിവൈ.എസ്പിയോട് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്.

വനിതാ കമ്മിഷൻ നിയമസഹായം നൽകും-അഡ്വ. പി.സതീദേവി

കോഴിക്കോട്- കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ റഷ്യൻ യുവതിക്ക് വേണ്ട നിയമസഹായം കേരള വനിതാ കമ്മിഷൻ ഒരുക്കുമെന്ന് ചെയർപേഴ്‌സൺ അഡ്വ. പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷൻ നടത്തിയ അന്വേഷത്തിൽ യുവതിക്ക് റഷ്യൻ ഭാഷയേ അറിയുകയുള്ളൂ എന്നതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷൻ ഏർപ്പാടാക്കി നൽകി. വിഷയം സംബന്ധിച്ച് വനിതാ കമ്മിഷൻ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറൽ എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ റഷ്യൻ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏർപ്പാട് ചെയ്യണമെന്നും കമ്മിഷൻ പൊലീസിന് നിർദേശം നൽകി. കേസിന്റെ അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കമ്മിഷൻ പൊലീസിന് നിർദേശം നൽകി.

Latest News