ഭൂമി അഴിമതിക്കേസില്‍ തേജസ്വി യാദവ് സി.ബി.ഐക്ക് മുന്നില്‍ ഹാജരായി

ന്യൂദല്‍ഹി- ജോലിക്ക് പകരം ഭൂമി അഴിമതി കേസില്‍ ബിഹാര്‍ ഉപമുഖ്യമ്രന്തി തേജസ്വി യാദവ് സി.ബി.ഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.  മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും തേജസ്വി ഹാജരാകാതെ ഒഴിഞ്ഞുമാറിയിരുന്നു. യാദവിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സി.ബി.ഐ കഴിഞ്ഞയാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. ബിഹാര്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐയോട് സാവകാശം തേടിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്‌റി ദേവിയേയും രണ്ട് പെണ്‍മക്കളെയും സി.ബി.ഐ നേരത്തെ ചോദ്യം ചെയ്യുകയും ഇവരുടെയെല്ലാം വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന 2004-2009 കാലത്ത് റെയില്‍വേയില്‍ ജോലിക്ക് കൈക്കൂലിയായി ഉദ്യോഗാര്‍ഥികളില്‍നിന്ന് തുച്ഛമായ വിലക്ക് ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്. നിയമനം സംബന്ധിച്ച പരസ്യമോ വിജ്ഞാപനമോ നല്‍കിയിരുന്നില്ല. ഇത് റെയില്‍വേ ചട്ടങ്ങളുടെ ലംഘനമാണ്. മുംബൈ, ജബല്‍പുര്‍, കൊല്‍ക്കൊത്ത, ജയ്പൂര്‍, ഹസിപുര്‍ തുടങ്ങിയ റെയില്‍വേ സോണുകളിലാണ് നിയമനം നല്‍കിയതെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.

 

Latest News