മഞ്ചേരി-ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ബീഹാര്‍ വൈശാലി ബാക്രിസുബയാന്‍ സ്വദേശിനി പൂനം ദേവി (30)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്.മുരളീകൃഷ്ണ തള്ളിയത്. നാട്ടിലുള്ള കാമുകനുമൊത്ത് ജീവിക്കുന്നതിന് ഭര്‍ത്താവായ സഞ്ജീത് പാസ്വാ (30)നെ കൊലപ്പെടുത്തുകയായിരുന്നു. വേങ്ങര യാറംപടിയിലെ പി.കെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു ദമ്പതിമാര്‍. 2023 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ഇരു കൈകളും കെട്ടിയിട്ട ശേഷം പ്രതി ധരിച്ചിരുന്ന സാരിയുടെ മുന്താണി ഭാഗം കയര്‍ രൂപത്തിലാക്കി കഴുത്തില്‍ ചുറ്റി വരിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവ ശേഷം മാനസിക അസ്വാസ്ഥ്യം അഭിനയിച്ച യുവതിയെ 2023 ഫെബ്രുവരി മൂന്നിന് പോലീസ് അറസ്റ്റ് ചെയ്ത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരെ കബളിപ്പിച്ച് കുളിമുറിയുടെ വെന്റിലേറ്റര്‍ തകര്‍ത്ത് രക്ഷപ്പെട്ടെങ്കിലും യുവതി പോലീസിന്റെ പിടിയിലായി. ഈ സംഭവത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.

	
	




