Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാടക തോന്നിയപോലെ കൂട്ടാനാകില്ല; നിയമത്തിന് നീക്കം

റിയാദ് - സൗദിയിൽ വാടക വർധന പരിമിതപ്പെടുത്താൻ നീക്കമുള്ളതായി സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി സി.ഇ.ഒ എൻജിനീയർ അബ്ദുല്ല അൽഹമാദ് വെളിപ്പെടുത്തി. വാടക വർധനക്ക് ഒരു നിശ്ചിത പരിധി നിശ്ചയിക്കുന്ന നിരവധി പരീക്ഷണങ്ങൾ അതോറിറ്റി അവലോകനം ചെയ്തിട്ടുണ്ട്. വിഷയം വിശദമായി പഠിച്ച് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കും. കഴിഞ്ഞ കൊല്ലം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഫഌറ്റ് വാടക 21 ശതമാനം തോതിൽ വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. വാടക വർധന രാജ്യത്ത് പണപ്പെരുപ്പം ഉയരാൻ ഇടയാക്കി. 
വാടക വർധന പരിമിതപ്പെടുത്തുന്ന ഏതാനും പരീക്ഷണങ്ങൾ അതോറിറ്റി അവലോകനം ചെയ്തിട്ടുണ്ടെന്ന് എൻജിനീയർ അബ്ദുല്ല അൽഹമാദ് പറഞ്ഞു. വാടക വർധനക്ക് പ്രത്യേക പരിധി നിശ്ചയിക്കുന്ന പരീക്ഷണങ്ങളുണ്ട്. നിശ്ചിത കാലത്തേക്കോ നിശ്ചിത അനുപാതത്തിലോ കെട്ടിട ഉടമക്ക് എപ്പോഴാണ് വാടക ഉയർത്താൻ സാധിക്കുകയെന്ന് ഈ രീതി വ്യക്തമാക്കുന്നു. ഈ സമ്പ്രദായത്തിന് അനകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളുമുണ്ട്. ഇതേ കുറിച്ച് അതോറിറ്റി വിശദമായി പഠിച്ചുവരികയാണ്. 
വിപണിയുടെ ശരിയായ വായന നൽകുന്നതിന് വളരെ കൃത്യമായ ഡാറ്റ ഉണ്ടായിരിക്കണമെന്ന ഒരു വെല്ലുവിളിയുണ്ട്. വാടക നിരക്ക് ക്രമീകരിക്കുന്ന പ്രക്രിയയിൽ വിപണിക്ക് ഒരു സന്തുലനം ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നു. വാടക വർധന പരിമിതപ്പെടുത്തുന്ന സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച വിശദമായ പഠനം പൂർത്തിയായ ശേഷം അതേ കുറിച്ച് അതോറിറ്റി പരസ്യപ്പെടുത്തുമെന്നും എൻജിനീയർ അബ്ദുല്ല അൽഹമാദ് പറഞ്ഞു. കഴിഞ്ഞ കൊല്ലം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാർപ്പിട വാടക 8.3 ശതമാനം തോതിൽ വർധിച്ചിരുന്നു. ഫഌറ്റ് വാടക 21.4 ശതമാനം തോതിൽ വർധിച്ചതാണ് പാർപ്പിട വാടകയിൽ മൊത്തത്തിൽ പ്രതിഫലിച്ചത്. 

Latest News