തൃശൂർ- മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ചാലക്കുടി മുന്‍ എം പിയും നടനുമായ ഇന്നസെന്റ് (75) അന്തരിച്ചു. രാത്രി 10.30ന് കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ചു. ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
2013ൽ കാൻസർ ബാധിച്ച ഇന്നസെന്റ് ഇച്ഛാശക്തിയാലും ഒരിക്കലും കൈവിടാത്ത നർമ്മത്തിന്റെ ബലത്തിലുമാണ് ജീവിതത്തിലേക്കും അഭിനയത്തിലേക്കും തിരിച്ചുവന്നത്. ആത്മവിശ്വാസത്തിന്റെ കരുത്ത് അദ്ദേഹത്തെ ലോക്‌സഭയിലും എത്തിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖത്തെ തുടർന്ന് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം കൂടുതൽ മൂർച്ഛിച്ചതിനെ തുടർന്ന് ഇ.സി.എം.ഒയുടെ സഹായത്തോടെയാണ് ചികിത്സ തുടർന്നത്.
അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി നിരവധി രോഗികൾക്ക് പ്രചോദനമേകിയിരുന്നു.
എറണാകുളത്തു നിന്നും മൃതദേഹം ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടിയിലേക്ക് കൊണ്ടുവരും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലാണ് സംസ്‌കാരം.
അഭിനേതാവായും ലോക്‌സഭ എംപിയായും എഴുത്തുകാരനായും ഏഴ് പതിറ്റാണ്ട് വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന ഇന്നസെന്റ് വിട വാങ്ങുമ്പോൾ പകരം വെക്കാനില്ലാത്ത ഒരാളാണ് കടന്നു പോകുന്നത്. ചാലക്കുടിയിൽ നിന്നും ലോക്‌സഭയിലേക്ക് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റ് ദീർഘകാലം മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയുടെ പ്രസിഡന്റുമായിരുന്നു. കാൻസർ രോഗബാധിതനായിരിക്കുമ്പോഴും സംഘടനാ പ്രവർത്തനങ്ങളിലും എം.പി എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം അദ്ദേഹത്തിന് കാഴ്ചവയ്ക്കാനായി. 700 ഓളം സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്നസെന്റ് തന്റെ അസാന്നിധ്യത്തിൽ പോലും വരാനിരിക്കുന്ന എത്രയോ തലമുറകളെയും പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് മലയാളത്തിന് സമ്മാനിച്ചത്. 1948 ഫെബ്രുവരി 28 ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റ് ജനിച്ചത്. ലിറ്റിൽ ഫഌർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺബോസ്‌കോ സ്‌കൂൾ, എസ്എൻ സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസിൽ പഠനം നിർത്തി. പല ബിസിനസ്സുകളും ചെയ്ത് പരാജയപ്പെട്ടു. തുടർന്ന് രാഷ്ട്രീയത്തിൽ പയറ്റി നോക്കിയ ഇന്നസെന്റ് ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ മോഹൻ ആണ് ഇന്നസെന്റിന് സിനിമയിലേക്കുള്ള വഴി തുറന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യചിത്രം. നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. അനന്യ സാധാരണമായ ശരീരഭാഷയും തൃശൂർ ശൈലിയുമുള്ള സംഭാഷണവും ഇന്നസെന്റിനെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റി. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്, ദേവാസുരം, മാലയോഗം, ഗോഡ് ഫാദർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്നസെന്റ് മലയാളികളുടെ പ്രിയങ്കരനായി. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. 12 വർഷം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി ലോകസഭാമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിലും അദ്ദേഹം തന്റെ തമാശകളിലൂടെ ഏവരുടെയും പ്രീതി പിടിച്ചുപറ്റി. ക്യാൻസർ രോഗികൾക്ക് വേണ്ടി ശ്രദ്ധേയമായ ഇടപെടലുകളും നടത്തി. കാൻസർ വാർഡിലെ ചിരി എന്ന അദ്ദേഹം എഴുതിയ പുസ്തകം കാൻസർ രോഗബാധിതർക്ക് ആശ്വാസമേകുന്ന അക്ഷരക്കൂട്ടാണ്. ആലീസാണ് ഭാര്യ. മകൻ: സോണറ്റ്. മരുമകൾ: രശ്മി.