ബീശ- ബൈക്കോടിക്കുന്നതിനിടെ വാഹനമിടിച്ച് അപകടത്തിൽപെട്ട ഏഷ്യൻ വംശജന്റെ ജീവൻ രക്ഷപ്പെടുത്തിയ ചാരിതാർഥ്യത്തിലാണ് ശഹിദ അബൂറെയ്ദ എന്ന നഴ്‌സ്. ബീശയിലെ ഗവൺമെന്റ് മെഡിക്കൽ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഈ ഫലസ്തീൻ സ്വദേശിനിക്ക് ഇപ്പോഴും താൻ മുഖേന ഒരു ജീവൻ രക്ഷപ്പെട്ടത് വിശ്വസിക്കാൻ പ്രയാസം. ഉച്ചക്ക് ഒരു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് താൻ പുറത്തിറങ്ങിയപ്പോഴാണ് ഏഷ്യൻ വംശജനെ വാഹനമിടിച്ചതെന്ന് ഇവർ പറയുന്നു. എവിടെ നിന്നോ ധൈര്യം സംഭരിച്ച് ഇവർ ഉടൻ യുവാവിന്റെ അരികിലേക്ക് കുതിച്ചു. ശിരസ്സിൽ ആഴത്തിൽ മുറിവേറ്റതിനാൽ രക്തം വാർന്നുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്നിരുന്ന യുവാവിന്റെ ശിരോവസ്ത്രം (ശിമാഗ്) വാങ്ങി മുറിവേറ്റ ഭാഗത്ത് വരിഞ്ഞുകെട്ടി രക്തം വാർന്നുപോകുന്നത് നിർത്തിയതാണ് നിർണായകമായത്. ഏകദേശം 20 മിനിറ്റ് പിന്നിട്ടപ്പോഴേക്കും എത്തിയ റെഡ് ക്രസന്റ് അതോറിറ്റി യൂണിറ്റിന് പിന്നീട് കാര്യങ്ങൾ എളുപ്പമായി. തന്റെ ചുറ്റിനും തടിച്ചു കൂടിയ ആൾക്കൂട്ടത്തിനെയൊന്നും ആ സമയം ഗൗനിച്ചിരുന്നതേയില്ലെന്ന് ശഹിദ പറയുന്നു. കഴിഞ്ഞ വർഷം 39 കാരനായ തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചിരുന്നു. പക്ഷേ, അവന് പകരം മറ്റൊരാളെ രക്ഷിക്കാൻ തനിക്ക് ദൈവം അവസരം നൽകി. തന്റെ 37 വർഷത്തെ നഴ്‌സിംഗ് വൃത്തിയിൽ ആദ്യമായാണ് മരണ വക്ത്രത്തിൽനിന്ന് ഒരാളെ ജീവിതത്തിലേക്ക് അടുപ്പിക്കുന്നതെന്ന് ശഹിദ അബൂറെയ്ദ വെളിപ്പെടുത്തി. താനും കുടുംബവും ജീവിത കാലമത്രയും സൗദിയിൽ ജീവിക്കുന്നതിന് അഭിലഷിക്കുന്നതെന്നും ഈ ധീരവനിത വ്യക്തമാക്കി.