ന്യൂദൽഹി - പാർലമെന്റിലെ തന്റെ അടുത്ത പ്രസംഗം ഭയന്നാണ് തന്നെ അയോഗ്യനാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും ആക്രമിക്കപ്പെടുകയാണ്. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല. അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാരിക്കുകയാണ് താൻ അയോഗ്യനാക്കപ്പെട്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ധനാക്കാൻ കഴിയുമെന്ന് കരുതേണ്ട. താൻ ഭയപ്പെടുന്നവനല്ല. ആഴ്ചകൾക്ക് മുമ്പ് പാർലമെന്റിൽ ഞാൻ പ്രധാനമന്ത്രിയോട് കുറച്ച് കാര്യങ്ങൾ ചോദിച്ചിരുന്നു. അദാനിയുടെ പേരിലുള്ള ഷെൽ കമ്പനിയിൽ 20,000 കോടി രൂപയാണ് ഉള്ളത്. അദാനിക്ക് ഇത്രയധികം പണം സ്വരൂപിക്കാൻ കഴിയില്ല. അദാനിക്ക് എവിടെ നിന്നാണ് ഈ പണം ലഭിച്ചത്. ഇതിന് പിന്നിൽ ഒരു ചൈനീസ് പൗരനുണ്ട്. ആരാണിയാൾ? മോദിക്ക് അദാനിയുമായി എന്താണ് ബന്ധം? പ്രധാനമന്ത്രിയും അദാനിയും ഫ്‌ളൈറ്റിലിരിക്കുന്ന ചിത്രം കാണിച്ചാണ് ഞാനിത് ചോദിച്ചത്. ഈ തെളിവുകൾ ഞാൻ ടേബിളിൽ വച്ചു. ഇതിന് തൊട്ടുപിന്നാലെ ബി.ജെ.പി അവരുടെ പണി തുടങ്ങി. ഇക്കാര്യം സ്പീക്കർക്ക് ഞാൻ വിശദമായി എഴുതി നൽകിയതാണ്.
പ്രതിരോധ രംഗത്തെ കുറിച്ചും, വിമാനത്താവളങ്ങളെ കുറിച്ചുമെല്ലാം അക്കമിട്ട് നിരത്തി സ്പീക്കർക്ക് നൽകിയതാണ്. ഇതിനെല്ലാമുള്ള തെളിവുകളും സമർപ്പിച്ചു. പക്ഷേ ഈ കത്തിനൊന്നും മറുപടിയുണ്ടായില്ല.
പാർലമെന്റിൽ ഒരു നിയമം ഉണ്ട്. ഒരു അംഗം ആരോപണം ഉന്നയിച്ചാൽ അദ്ദേഹത്തിന് എന്താണോ പറയാനുള്ളത് അതുകൂടി കേൾക്കണമെന്ന്. എന്താണ് തനിക്ക് സംസാരിക്കാൻ അവസരം നൽകാത്തതെന്ന് ചോദിച്ചപ്പോൾ സ്പീക്കർ ചിരിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു.
അദാനിയും മോദിയും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണുള്ളത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള ബന്ധമാണത്. തന്നെ അയോഗ്യനാക്കിയത് തന്റ അടുത്ത പ്രസംഗത്തെ മോദി ഭയക്കുന്നതിനാലാണ്. അദാനിയെക്കുറിച്ച് ഞാൻ അടുത്തത് എന്തായിരിക്കും പറയാൻ പോകുന്നതെന്ന ഭയത്തിലാണ് നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായത്. സർക്കാരിന്റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതിപക്ഷത്തിനാണ്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. അത് ഇനിയും തുടരും. പ്രതിപക്ഷം ഒരിക്കലും ഇത് നിർത്താൻ പോകുന്നില്ല. സത്യം പുറത്തുവരുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കും. ആക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാൽ സർക്കാരിനു തെറ്റി. മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ ഓർമിപ്പിച്ചു.
നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് രാജ്യമെന്നാൽ അദാനിയാണ്, അദാനിയെന്നാൽ രാജ്യവും. ഈ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നിലനിർത്താനാണ് എന്റെ പോരാട്ടം. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമാണ്. ഈ രാജ്യത്തെ നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്നു. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം. അയോഗ്യതയോ ആരോപണങ്ങളോ തന്നെ ബാധിക്കില്ല. ജയിലിലടച്ചാലും ഭയമില്ല. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണ്. അവർക്ക് വിശദാംശങ്ങൾ അറിയിച്ച് കത്തെഴുതും. സത്യത്തിന് വേണ്ടി പോരാടുക മാത്രമാണ് ലക്ഷ്യമെന്നും രാഹുൽഗാന്ധി വിശദീകരിച്ചു.






