Sorry, you need to enable JavaScript to visit this website.

തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുമെന്ന  വ്യവസ്ഥ റദ്ദാക്കണം, സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂദല്‍ഹി-ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഗവേഷണ വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭാ മുരളീധരന്‍ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ക്രിമിനല്‍ കേസുകളില്‍ തടവോ രണ്ടോ അതിലധികമോ വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീംകോടതി വിധിച്ചിരുന്നത്. ഈ വിധിയുടെ പുനഃപരിശോധനയാണ് തന്റെ ഹര്‍ജിയിലൂടെ ആഭാ മുരളീധരന്‍ ലക്ഷ്യമിടുന്നത്.  മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ലോക്‌സഭാ സെക്രട്ടേറിയേറ്റ് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനു മുന്‍പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാനനഷ്ടക്കേസ് പോലുള്ളവയില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചാലും അയോഗ്യരാക്കുമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി വിധിക്കണെമെന്നാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ആഭാ മുരളീധരന്റെ അഭിഭാഷകര്‍ അടുത്തയാഴ്ച സുപ്രീംകോടതിയില്‍ ഉന്നയിക്കും

Latest News