കോഴിക്കോട്ട് റഷ്യന്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍

കോഴിക്കോട് - മലയാളിയായ ആണ്‍ സുഹൃത്തിന്റെ ഉപദ്രവം സഹിക്ക വയ്യാതെ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവതിയെ തിരിച്ച് റഷ്യയിലെത്തിക്കാന്‍ റഷ്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍. യുവതിയുടെ പരാതി പ്രകാരമുള്ള കേസിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയായ ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിക്കാനാണ് നീക്കം .യുവതിയുടെ അമ്മയുമായി ഇത് സംബന്ധിച്ച് റഷ്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ചര്‍ച്ച നടത്തി.
യുവതി കഴിഞ്ഞ ദിവസമാണ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ(28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. പിന്നീട് ഇയാളോടൊപ്പം താമസിച്ചു വരികയായിരുന്നു. ആഖില്‍ ബലമായി ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചതായും തന്റെ പാസ്പോര്‍ട്ട് കീറിക്കളയുകയും ഐ ഫോണ്‍ നശിപ്പിക്കുകയും ചെയ്തതായി റഷ്യന്‍ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റഷ്യന്‍ ഭാഷ മാത്രമേ യുവതിക്കറിയൂ. അതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ് പോലീസ് മൊഴി എടുത്തത്. മജിസ്ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തും.

 

 

 

 

Latest News