ബ്രിട്ടീഷ് ഹൈക്കമീഷന് സമീപം മൂത്രപ്പുര പണിയാന്‍ നീക്കം, ബ്രിട്ടന്‍ സമ്മതിച്ചില്ല

ന്യൂദല്‍ഹി- ദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്ക് സമീപം പൊതു ടോയ്‌ലറ്റ് നിര്‍മ്മിക്കാനുള്ള ദല്‍ഹിയിലെ പ്രാദേശിക അധികൃതരുടെ തീരുമാനം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ന്യൂദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെയും ഹൈക്കമ്മീഷണറുടെ വസതിയുടെയും മുന്നിലുള്ള എല്ലാ സുരക്ഷയും ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് യു.കെ സര്‍ക്കാരിന്റെ തീരുമാനം.
ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ക്ക് വലിയ സുരക്ഷാ ഭീഷണിയില്ലെന്ന കാരണം പറഞ്ഞാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്ത്യ നീക്കിയത്.
സുരക്ഷാ കാരണങ്ങളാല്‍ പൊതു ടോയ്‌ലറ്റ് നിര്‍മാണത്തെ യു.കെ സര്‍ക്കാര്‍ എതിര്‍ത്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദല്‍ഹിയിലെ യു.കെ ഹൈക്കമ്മീഷണറുടെ വസതിയുടെ പരിസരത്ത് പൊതു സൗകര്യം ഒരുക്കേണ്ടത് ആവശ്യമാണെന്നായിരുന്നു മുനിസിപ്പല്‍ അധികൃതരുടെ ന്യായം.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഇന്ത്യ രോഷാകുലരാണ്. മാര്‍ച്ച് 19 ന്, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിനു മുകളില്‍ പറക്കുന്ന ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഒരു സംഘം വലിച്ചു താഴെയിട്ടിരുന്നു.

 

Latest News