ഇത് അമേരിക്കയല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി; ചരിത്രപരമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി-നിരോധിത സംഘടനയിലെ അംഗത്വം തന്നെ യുഎപിഎ വകുപ്പ് ചുമത്താന്‍ മതിയായ കാരണമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. യുഎപിഎ വകുപ്പ് ചുമത്തണമെങ്കില്‍ കേവലം അംഗത്വം മാത്രം മതിയാകില്ലെന്ന 2011 ലെ സുപ്രീംകോടതിയുടെ തന്നെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎയിലെ 10(എ)(ഐ) വകുപ്പ് കോടതി ശരിവച്ചു. യുഎപിഎയിലെ 10(എ)(ഐ) ഉപ വകുപ്പ് ശരിവച്ച കോടതി, ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദനങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി.
    2011ലെ കേരളത്തിലേത് ഉള്‍പ്പടെ രണ്ടു കേസുകളിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം, ഒരാള്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അതിന് പ്രേരിപ്പിക്കുകയോ ക്രമസമാധാനം തകര്‍ക്കുകയോ ചെയ്യാത്ത പക്ഷം യുഎപിഎ, ടാഡ പോലുള്ള ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ കഴിയുമായിരുന്നില്ല. ജസ്റ്റീസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു വിധി. ഉള്‍ഫയിലെ അംഗമായ വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഈ വിധി. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ ഭാഗം കേട്ടില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസു ദീപക് മിശ്രയും എ.എം സാപ്രെയും അടങ്ങിയ ബെഞ്ച് 2014ല്‍ വിഷയം വിശാല ബെഞ്ചിന് വിട്ടു.
    ഫെബ്രുവരിയില്‍ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുകയും കേസ് വിധി പറയാന്‍ മാറ്റുകയുമായിരുന്നു. യുഎപിഎയിലെ 10(എ)(ഐ) ഉപ വകുപ്പ് ശരിവച്ച കോടതി, ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദനങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പുറപ്പെടുവിച്ചതാണ് 2011ലെ ഉത്തരവെന്നും യുഎപിഎയിലെ 10(എ)(ഐ) വകുപ്പിന്റെ ഭരണഘടനാ സാധുത പരിഗണിക്കപ്പെട്ടിട്ടില്ലെന്നും മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ചത്തെ വിധിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിച്ചതിനെയും കോടതി കുറ്റപ്പെടുത്തി.
   അമേരിക്കന്‍ സുപ്രീംകോടതി വിധിയെ ആശ്രയിച്ച് വിധി പുറപ്പെടുവിച്ച രണ്ടംഗ ബെഞ്ചിന്റെ നടപടി തെറ്റായിപ്പോയെന്ന് കോടതി വ്യക്തമാക്കി. രണ്ട് രാജ്യങ്ങളിലെയും നിയമങ്ങളിലെ വ്യത്യാസം ഇന്ത്യന്‍ കോടതികള്‍ പരിഗണിക്കണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. അമേരിക്കന്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ അന്ധമായി പിന്തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവുകള്‍ ഇറക്കരുതെന്നായിരുന്നു കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ചരിത്രപരമായ വിധിയാണിതെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രതികരണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News