ന്യൂദല്‍ഹി- എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞു നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. ദല്‍ഹി തുഗ്ലക് ലൈനിലെ 12 ാം നമ്പര്‍ വീട് ഒഴിഞ്ഞു നല്‍കാന്‍ രാഹുലിന് ഒരു മാസം സമയം അനുവദിച്ചു. രാഹുലിന്റെ അയോഗ്യത സംബന്ധിച്ച ഉത്തരവ് ലെയ്‌സണ്‍ ഓഫീസര്‍, എസ്‌റ്റേറ്റ്‌സ് ഡയറക്ടറേറ്റ്, പാര്‍ലമെന്റ് അനെക്‌സ് എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്. 'മോഡി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്.
കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതല്‍ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എം.പി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്.
രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. 2019 ലെ ലോക്‌സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോഡിയാണു കോടതിയെ സമീപിച്ചത്.