Sorry, you need to enable JavaScript to visit this website.

300 രൂപ കൈക്കൂലി വാങ്ങി, അതും 20 വര്‍ഷം മുമ്പ്; സുപ്രീം കോടതി വെറുതെ വിട്ടു

ന്യൂദല്‍ഹി- ഇരുപത് വര്‍ഷം മുന്‍പ് 300 രൂപ കൈക്കൂലി വാങ്ങിയ ആളെ സുപ്രീംകോടതി വെറുതെ വിട്ടു. വിചാരണക്കോടതിയുടെയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, രാജേഷ് ഭിന്‍ഡാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. തദ്ദേശ സ്ഥാപനത്തില്‍ ക്ലീനറായിരുന്ന വ്യക്തി 2003ല്‍ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുന്നതിനായി പരാതിക്കാരനില്‍നിന്ന് 300 രൂപ കൈക്കൂലി വാങ്ങി എന്നതായിരുന്നു കേസ്. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 500 രൂപ ആവശ്യപ്പെട്ടെന്നും ഇതില്‍ 300 നല്‍കിയെന്നുമാണ് പരാതിക്കാരന്‍ വാദിച്ചത്. എന്നാല്‍, വിചാരണയില്‍ ഇയാള്‍ നിയമവിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വെറുതെ വിട്ടത്.
കൈക്കൂലി ആവശ്യപ്പെട്ടതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്ന വിചാരണ കോടതിയും നിരീക്ഷിച്ചത്. എന്നാല്‍, ഇയാളില്‍ നിന്ന് പണം കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നു തന്നെ വ്യക്തമാണെന്നായിരരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തില്‍ ഫിനോഫ്തലീന്‍ പുരട്ടിയ ഒരേ സീരിയല്‍ നമ്പറിലുള്ള നോട്ടുകള്‍ ഇയാളില്‍ നിന്നു കണ്ടെടുത്തെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചു. എന്നാല്‍, കൈക്കൂലി ആവശ്യപ്പെട്ടു എന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും തന്നെയില്ല എന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി കുറ്റാരോപിതനെ വെറുതെ വിട്ടത്.
മഘര്‍ സിംഗ് എന്ന വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബന്ധുവായ ജിത് സിംഗ് സമീപിച്ചപ്പോഴാണ് കേസില്‍ പ്രതിയായ ജഗതാര്‍ സിംഗിനെ സമീപിച്ചപ്പോഴാണ് 500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ തുക 300 രൂപയായി നിശ്ചയിച്ചു എന്നാണ് പരാതിക്കാരനായ അജിത് സിംഗ് പറയുന്നത്. ഇയാള്‍ ഇക്കാര്യം പഞ്ചായത്ത് മെമ്പറായ ചംകൗര്‍ സിംഗിനെ അറിയിച്ചു. മെമ്പറുടെ നിര്‍ദേശപ്രകാരമാണ് ഫരീദ്‌കോട്ട വിജിലന്‍സ് ഡിഎസ്പിക്കു പരാതി നല്‍കിയത്. പിന്നീട് വിജിലന്‍സ് നല്‍കിയ 100 രൂപയുടെ മൂന്ന് നോട്ടുകളാണ് ജഗതാര്‍ സിംഗിന് നല്‍കിയത്. എന്നാല്‍, വിചാരണ വേളയില്‍ പരാതിക്കാരനായ ജിത് സിംഗും പഞ്ചായത്ത് മെമ്പറും പ്രോസിക്യൂഷനോട് സഹകരിച്ചില്ല. ഓഫീസിലെ തൂപ്പുകാരനായ ജഗ്താര്‍ സിംഗ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ സാധുതയും കോടതയില്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍, അടിയന്തര സാഹചര്യത്തില്‍ ഇയാള്‍ക്ക് മരണ, ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള ചുമതല നല്‍കിയിരുന്നു എന്നായിരുന്നു ഓഫീസ് അധികൃതരുടെ വിശദീകരണം. പക്ഷേ, പ്രസ്തുത കേസില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതയില്‍ ഇയാള്‍ക്ക് ഇല്ലായിരുന്നു എന്നും വ്യക്തമാക്കി. ജഗ്താര്‍ സിംഗിന്റെ പക്കല്‍ നിന്നു പണം കണ്ടെത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്ന നിഗമനത്തില്‍ ഹൈക്കോടതി എത്തിച്ചേര്‍ന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല എന്ന ജഗതാര്‍ സിംഗിന്റെ വാദം ശരി വെച്ച് വെറുതെ വിടുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.
    

 

 

Latest News