Sorry, you need to enable JavaScript to visit this website.

മാലിന്യ സംസ്‌കരണം: നിയമലംഘനം കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനം വരുന്നു

കണ്ണൂര്‍ - മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംവിധാനം രൂപീകരിക്കുന്നു. അനധികൃത മാലിന്യ സംസ്‌കരണം തടയുന്നതിനുവേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പുറപ്പെടുവിച്ചു.
കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തി സ്‌പോട്ട് ഫൈന്‍ ഈടാക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനുള്‍പ്പെടെയുള്ള അധികാരങ്ങള്‍ ഈ സ്‌ക്വാഡുകള്‍ക്കുണ്ടാവും.
സംസ്ഥാനത്താകെ നിയമിക്കുന്ന 23 സ്‌ക്വാഡുകള്‍ക്ക് സ്വമേധയാലോ, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ പരിശോധനകള്‍ നടത്താം. ചില ജില്ലകളില്‍ ഒന്നും ചിലതില്‍ രണ്ടും വീതമായിരിക്കും സ്‌ക്വാഡുകള്‍ നിയമിക്കുന്നത്. കണ്ണൂരില്‍ രണ്ട് സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കും.
മാസത്തില്‍ കുറഞ്ഞത് 20 തവണയെങ്കിലും പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനും ആവശ്യമെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും സ്‌ക്വാഡുകളെ ചുമതലപ്പെടുത്തും.
അനധികൃതമായി നിക്ഷേപിച്ച മാലിന്യങ്ങള്‍ പിടിച്ചെടുക്കാനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം തടയാനും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അതോടൊപ്പം ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മാലിന്യങ്ങളും ഉത്പന്നങ്ങളും കടത്താനുപയോഗിക്കുന്ന വണ്ടികളും പോലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കും.
പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികളും സ്‌ക്വാഡുകള്‍ പരിശോധിക്കും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതോ, തോടുകളിലും കാനകളിലും മറ്റു ജലാശയങ്ങളിലും ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ അവ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള നിര്‍ദേശങ്ങളും സഹായങ്ങളും സ്‌ക്വാഡുകള്‍ നല്‍കും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്നുള്ള പരാതികള്‍ സ്വീകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിനു പുറമെ ശാസ്ത്രീയവും നിയമപരവുമായിട്ടുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെയും നടപടി എടുക്കും.
ജില്ലാതലത്തില്‍ തദ്ദേശഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനായും, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജില്ലാതല നോഡല്‍ ഓഫീസറായും എന്‍ഫോഴ്സ്മെന്റ് സെക്രട്ടറിയേറ്റ് രൂപീകരിക്കും. സ്‌ക്വാഡുകളുടെ മേധാവി തദ്ദേശഭരണ വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍നിന്നുള്ള എന്‍ഫോഴ്സ്മെന്റ് ഓഫീസറും പോലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്‌ക്വാഡിലും അംഗങ്ങള്‍. സ്‌ക്വാഡിന്റെ പ്രവര്‍ത്തന ആസ്ഥാനം ജില്ല ശുചിത്വ മിഷന്‍ ഓഫീസായിരിക്കും.

 

 

Latest News