ജിദ്ദ - ലൈത്തിന് കിഴക്ക് അടിവാരം റോഡിൽ ട്രെയ്‌ലർ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തി ഡ്രൈവർ മരിച്ചു. പാക്കിസ്ഥാനിയാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നോമ്പുതുറ സമയത്തിന് അൽപം മുമ്പാണ് അപകടം. അൽഫഹു ഗ്രാമത്തിലെ ചാരിറ്റബിൾ സൊസൈറ്റിയിലേക്കുള്ള മിനറൽ വാട്ടർ കാർട്ടൻ ലോഡ് വഹിച്ച് പോകുന്നതിനിടെ ലൈത്തിന് കിഴക്ക് ദഹബ് ഗ്രാമത്തിലെ അൽമിറാർ ചുരംറോഡിന്റെ അടിവാരത്തിലാണ് ട്രെയ്‌ലർ നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തിൽ പെട്ടയുടൻ ഇന്ധന ചോർച്ചയുണ്ടായി ലോറിയിൽ തീ പടർന്നുപിടിക്കുകയായിരുന്നു. ചുരംറോഡിൽ അപ്രതീക്ഷത വളവിൽ വെച്ചാണ് ട്രെയ്‌ലർ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ചുരം റോഡിലെ അപകടകരമായ വളവുകളും ചരിവുകളും നിവർത്തി റോഡ് പുനഃക്രമീകരിക്കുകയും നിരപ്പാക്കുകയും വേണമെന്ന് പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.






