മുന്നറിയിപ്പ് : വാഹനങ്ങള്‍ക്ക് തീപ്പിടിക്കും, തുറസ്സായ സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക

വാഷിംഗ്ടണ്‍ - വാഹനങ്ങളുടെ നിര്‍മ്മാണത്തിലുള്ള തകരാറുകള്‍ മൂലം തീപ്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് വാഹന നിര്‍മ്മാണ കമ്പനികളുടെ മുന്നറിയിപ്പ് . ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡുകളായ ഹ്യുണ്ടായിയും കിയയും അവരുടെ അമേരിക്കയിലെ ആറു ലക്ഷത്തോളം വരുന്ന വാഹന ഉടമകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതുവരെ കമ്പനികള്‍ വിറ്റഴിച്ച 5,75000 വാഹനങ്ങള്‍ തിരിച്ചു വിളിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി ഉടമകള്‍ക്ക് തിരിച്ചു കൊടുക്കാനാണ് ഇരു കമ്പനികളുടെയും തീരുമാനം. നിര്‍മ്മാണത്തിലെ തകരാറ് മൂലം ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുണ്ടെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ പറയുന്നത്. ഹ്യുണ്ടായ് ഏകദേശം 568,000 വാഹനങ്ങളും കിയ 3,500 വാഹനങ്ങളുമാണ്  അമേരിക്കയില്‍ തിരിച്ചുവിളിക്കുന്നത്. 

2022-23 മോഡല്‍ ഹ്യുണ്ടായി സാന്താക്രൂസ്, 2019-2023 സാന്താ ഫേ, 2021-2023 സാന്താ ഫെ ഹൈബ്രിഡ്, 2022-2023 സാന്താ ഫേ പ്ലഗ്-ഇന്‍ ഹൈബ്രിഡ്, 2022-2023 കിയ കാര്‍ണിവല്‍ എന്നീ വാഹനങ്ങളിലാണ് നിര്‍മ്മാണ തകരാറ് മൂലം തിപ്പിടിക്കാനുള്ള സാധ്യത വിലയിരുത്തുന്നത്. ഇഗ്‌നിഷനുകള്‍ ഓഫാണെങ്കില്‍ പോലും ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുകയും ചെയ്യുമെന്ന് യുഎസ് സുരക്ഷാ റെഗുലേറ്റര്‍മാര്‍ പറയുന്നു.

 

Latest News