കോഴിക്കോട്ട് റഷ്യന്‍ യുവതിയുടെ ആത്മഹത്യാ ശ്രമത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് - ആണ്‍ സുഹൃത്തിന്റെ ഉപദ്രവം സഹിക്ക വയ്യാതെ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൂരാച്ചുണ്ട് പോലീസിനോട് സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കോഴിക്കോട് കൂരാച്ചുണ്ടിലാണ് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവില്‍ ഇവര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ആണ്‍ സുഹൃത്ത് മുങ്ങിയിരിക്കുകയാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. 

 

Latest News