ഗുരുഗ്രാം - യുവാക്കളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായി കൂട്ടബലാല്‍സംഗ പരാതി നല്‍കുന്നത് പതിവാക്കിയ യുവതി അറസ്റ്റില്‍. നോയിഡയിലെ ഒരു മീഡിയാ കമ്പനിയില്‍ വെബ്ഡിസൈനറായ 22 വയസ്സുള്ള യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തും ഇയാളുടെ കൂട്ടുകാരനും ഒരു വീട്ടില്‍ കൊണ്ടുപോയി തന്നെ കൂട്ടബലാല്‍സംഗം നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ മാര്‍ച്ച് 17 ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവാക്കളെ ഫോണില്‍ വിളിച്ച് രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞു. കേസ് വ്യാജമാണെങ്കിലും ഇതില്‍ നിന്ന് തലയൂരാനായി കേസില്‍ പെട്ട യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കി. എന്നാല്‍ പരാതി പിന്‍വലിക്കണമെങ്കില്‍ നാല് ലക്ഷം രൂപ കൂടി വേണമെന്ന് യുവതി പിന്നീട് ആവശ്യപ്പെട്ടതോടെ യുവാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ പ്രവൃത്തികള്‍ നീരീക്ഷിച്ച ശേഷം വ്യാജ പരാതിയാണെന്ന് ബോധ്യമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ന്യൂദല്‍ഹിയിലെ അമന്‍വിഹാര്‍ പോലീസില്‍ മറ്റൊരു യുവാവിനെതിരെ നേരത്തെ വ്യാജ ബലാല്‍സംഗ പരാതി നല്‍കി പണം തട്ടാന്‍ ശ്രമിച്ചതായി കണ്ടെത്തി. ഇത് യുവതിയുടെ സ്ഥിരം പരിപാടിയാണെന്ന് ബോധ്യപ്പെട്ടതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.