Sorry, you need to enable JavaScript to visit this website.

ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കല്‍; തിയ്യതി നീട്ടണമെന്ന് ആവശ്യം

ന്യൂഡല്‍ഹി- ആയിരം രൂപ പിഴയോടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. തിയ്യതി ദീര്‍ഘിപ്പിക്കണമെന്ന് ഇതിനകം പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആധാറും പാനും ബന്ധിപ്പിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാവുകയും നികുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം തടസ്സപ്പെടുകയും ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ മാര്‍ച്ച് 31നകം ബന്ധിപ്പിക്കാന്‍ ആയിരം രൂപയാണ് പിഴയായി ഈടാക്കുന്നത്. ഇത് അടക്കാന്‍ തയ്യാറായി ബന്ധിപ്പിക്കാന്‍ തയ്യാറാകുന്ന പലര്‍ക്കും അതിന് സാധിക്കുന്നില്ലെന്ന പരാതിയും വ്യാപകമായുണ്ട്. ഇന്റര്‍നെറ്റ് തകരാറുകള്‍, വെബ്‌സൈറ്റിന്റെ തകരാര്‍, പണം അടച്ചാല്‍ റസീപ്റ്റ് കിട്ടാത്ത അവസ്ഥ, അക്ഷയ കേന്ദ്രങ്ങളിലെ വന്‍ തിരക്ക് തുടങ്ങിയവയെല്ലാം ജനങ്ങളെ വലക്കുന്നുണ്ട്. 

പാന്‍ കാര്‍ഡിലും ആധാറിലും പേരിലെ അക്ഷരങ്ങളോ ഇനീഷ്യലോ വ്യത്യസ്തമാണെങ്കില്‍ ചിലടിയങ്ങളില്‍ നിരസിക്കുന്നുമുണ്ട്. ഇതെല്ലാം ശരിയാക്കി മാര്‍ച്ച് 31നകം ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്നത് ഗൗരവമേറിയ കാര്യമാണ്. ്

നഗരങ്ങളില്‍ ഈ വിവരം അറിയുമെങ്കിലും ഉള്‍ഗ്രാമങ്ങളില്‍ പലതിലും ഇക്കാര്യങ്ങളില്‍ കൃത്യമായ വിവരങ്ങളില്ല. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ പ്രചരണം ഇക്കാര്യത്തില്‍ നില്‍കിയിട്ടുമില്ല. ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് തിയ്യതി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്. 

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയ പരിധി ഒരു വര്‍ഷം കൂടി നീട്ടണമെന്നാണ് സി ഐ ടി യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. 

നിലവില്‍ പ്രവാസികള്‍ക്ക് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടതില്ല. 

ഇതോടൊപ്പം വോട്ടര്‍ ഐ ഡിയും ആധാറും ബന്ധിപ്പിക്കണമെന്ന ഉത്തരവും പുറത്തുവന്നിട്ടുണ്ട്.

Latest News