കാസർകോട്- എ.സി-ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യൻ റെയിൽവേ. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. എ.സി-ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഫണ്ട് ലഭിക്കും. കുറഞ്ഞ ചെലവിൽ എ.സി യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് എ.സി-ത്രീ ടയർ ഇക്കണോമി കോച്ചുകൾ റെയിൽവേ ആരംഭിച്ചത്. എ.സി-ത്രീ ടയറിനെ അപേക്ഷിച്ച് ആറുമുതൽ ഏഴുശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ നിരക്ക്. എന്നാൽ കഴിഞ്ഞവർഷം എ.സി-ത്രീ ടയർ ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്കരിക്കുകയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. നിരക്ക് കുറച്ചെങ്കിലും കിടക്കവിരി ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു. എ.സി-ത്രീ ടയർ കോച്ചിൽ 72 ബെർത്തുകൾ ആണ് ഉണ്ടാവുക. 80 ബെർത്തുകളാണ് എ.സി- ത്രീ ടയർ ഇക്കണോമി ക്ലാസിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എ.സി- ത്രീ ടയർ ഇക്കണോമി ക്ലാസ് ആരംഭിച്ച ആദ്യ വർഷം 231 കോടിയാണ് റെയിൽവേയ്ക്ക് വരുമാനമായി ലഭിച്ചത്.