കൊച്ചി- ബിഷപ്പ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവനക്കെതിരെ കടുത്ത വിമർശവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം. കർഷകരുടെ ആത്മാഭിമാനത്തെ വെറും 300 രൂപക്ക് പണയം വെയ്ക്കുന്ന നിലപാട് നിരുത്തരവാദിത്തപരമാണെന്ന് മുഖപത്രമായ സത്യദീപം ചൂണ്ടിക്കാട്ടി. വില പറഞ്ഞ് വോട്ടുറപ്പിക്കുന്നതിനെ ദയവായി ന്യായീകരിക്കരുത്.
കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണമെന്നും പരാജയപ്പെട്ട പ്രസ്താവന എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വ്യക്തമാക്കി. ഇറക്കുമതിയുടെ ഉദാര നയങ്ങൾ കർഷകർക്ക് ദുരിത പരമ്പരകൾ സമ്മാനിക്കുമ്പോൾ കഴിഞ്ഞ ഒമ്പത് വർഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത ബിജെപിക്ക് എംപിയെ നൽകിയാൽ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന ചിന്ത ബാലിശമാണ്.
കർഷകരോടുള്ള അവഗണന ബിഷപ്പ് ലളിതവത്കരിച്ചു. ബഫർസോൺ, വന്യമൃഗ ശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങി സർക്കാർ അവഗണനയുടെ അനവധി അനുഭവങ്ങൾ കർഷക ലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോൾ റബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
വെള്ളം കിട്ടാതെ തലോജ സെൻട്രൽ ജയിലിൽ തൊണ്ടപ്പൊട്ടിത്തീർന്ന സ്റ്റാൻസ്വാമിയെ മറക്കാം. പക്ഷേ, ആയിരത്തോളം ക്രൈസ്തവർ ആർഎസ്എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടിവന്ന നാരായൺപൂർ സംഭവത്തെ ഇത്ര വേഗം മറന്നുപോകുന്നതെങ്ങനെയാണ്. രാജ്യമാകെ ക്രൈസ്തവർക്കെതിരെയുള്ള അക്രമ സംഭവങ്ങൾ കഴിഞ്ഞ വർഷം മാത്രം 550 കടന്നതും മറക്കാവുന്നതാണോയെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു. തികച്ചും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന് കത്തോലിക്കാ സഭയുടെ ചെലവിൽ കേരളത്തിൽനിന്ന് പിന്തുണയുറപ്പാക്കുന്ന ഈ പ്രസ്താവന പിൻവലിക്കാത്തതിലുള്ള ആശങ്കയും സത്യദീപം പങ്കുവെച്ചു.