മക്ക - വിശുദ്ധ റമദാനിൽ മക്കയിൽ ഏതാനും ബസ് റൂട്ടുകളിൽ മാറ്റങ്ങൾ. തീർഥാടകരുടെയും സന്ദർശകരുടെയും മക്ക നിവാസികളുടെയും നീക്കങ്ങൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്ന് മക്ക റോയൽ കമ്മീഷനു കീഴിലെ യൂനിഫൈഡ് ട്രാൻസ്‌പോർട്ടേഷൻ സെന്റർ അറിയിച്ചു. 1, 2, 3, 9, 10, 11, 12 റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നാലാം നമ്പർ റൂട്ടിൽ ബസുകൾ കുദയ് സ്റ്റേഷനിൽ നിന്ന് തിരിഞ്ഞ് അസീസിയയിലേക്ക് പോകും. അഞ്ചാം നമ്പർ റൂട്ടിൽ ബസുകൾ കുദയ് സ്റ്റേഷനിൽ നിന്ന് തിരിഞ്ഞ് അൽഅവാലിയിലേക്ക് പോകും. ആറാം നമ്പർ റൂട്ടിൽ മഹ്ബസ് അൽജിന്നിൽ നിന്ന് തിരിഞ്ഞ് ബസുകൾ അസീസിയയിലേക്ക് പോകും. ഏഴ്-എ റൂട്ടിൽ ബസുകൾ ജബൽ കഅ്ബലയിലേക്കാണ് സർവീസ് നടത്തുക. എട്ടാം നമ്പർ റൂട്ടിൽ അൽമൻസൂർ റോഡിൽ നിന്ന് തിരിഞ്ഞ് ബസുകൾ അൽസിയാദിയിലേക്ക് പോകും. ഈ അഞ്ചു റൂട്ടുകളിലയെും ബസുകൾ റമദാനിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശത്തേക്ക് പോകില്ല.
ഹറമിലേക്ക് പോകാൻ അഞ്ചു ഗതാഗത സംവിധാനങ്ങൾ
മക്ക - റമദാനിൽ വിശുദ്ധ ഹറമിലേക്കും തിരിച്ചും സഞ്ചരിക്കാൻ തീർഥാടകർക്കും വിശ്വാസികൾക്കും അവലംബിക്കാവുന്ന അഞ്ചു ഗതാഗത ഓപ്ഷനുകളുള്ളതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നമസ്‌കാര സമയങ്ങളിൽ ഹറമിനു സമീപമുള്ള റോഡുകളിൽ കാൽനട യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ മികച്ച സേവനം ഉറപ്പു വരുത്താൻ അനുയോജ്യമായ റോഡുകളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടാൻ 28 കേന്ദ്രങ്ങളിൽ ട്രാഫിക് പോലീസുകാർ സേവനമനുഷ്ഠിക്കും.
ഹറമിലേക്ക് പോകുന്ന വിശ്വാസികൾക്ക് അഞ്ചു ഓപ്ഷനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകളാണ് ഇതിൽ ഒന്ന്. ഏറ്റവും വേഗവും എളുപ്പവുമാർന്ന ഗതാഗത സംവിധാനമാണിത്. ബസ് ഷട്ടിൽ സർവീസാണ് രണ്ടാമത്തെ ഓപ്ഷൻ. ഹറമിനടുത്ത സെൻട്രൽ ഏരിയയിലെത്താൻ ആശ്രയിക്കാവുന്ന ഏറ്റവും മാതൃകായോഗ്യമായ ഗതാഗത സംവിധാനമാണിത്. ഹറമിന്റെ സമീപപ്രദേശങ്ങളിലെത്താൻ ടാക്‌സികളും പ്രയോജനപ്പെടുത്താവുന്നതാണ്. സ്വകാര്യ കാറുകളിൽ കാർ പാർക്കിംഗുകളിലും അനുയോജ്യമായ മറ്റു സമീപ സ്ഥലങ്ങളിലും എത്താനും സാധിക്കും. കാൽനടയായും ഹറമിലെത്താവുന്നതാണ്. സെൻട്രൽ ഏരിയക്കു സമീപമുള്ള ഡിസ്ട്രിക്ടുകളിലെ നിവാസികൾക്കും താമസക്കാർക്കും ഹറമിലെത്താൻ അവലംബിക്കാവുന്ന ഏറ്റവും മികച്ച മാർഗം ഇതാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.






