Sorry, you need to enable JavaScript to visit this website.

ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുമ്പോൾ

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പി.എം. ആന്റണിയുടെ നാടകത്തെ മുൻനിർത്തി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായും അനുകൂലമായും കേരളത്തിൽ നടന്ന വിവാദങ്ങളും പ്രക്ഷോഭങ്ങളും മറക്കാറായിട്ടില്ലല്ലോ. ഇപ്പോഴിതാ ചരിത്രത്തിന്റെ തനിയാവർത്തനം എന്ന വിധം 'കക്കുകളി' എന്ന നാടകവുമായി ബന്ധപ്പെട്ട് സമാനമായ സംഭവങ്ങൾ ആവർത്തിക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാടകത്തിനെതിരായി തൃശൂരിൽ ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിൽ വലിയ പ്രകടനം നടന്നു. മറുവശത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവർ മാർച്ച 24 ന് സാഹിത്യ അക്കാദമിയിൽ യോഗം ചെർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നു. ഇങ്ങനെ തന്നെയായിരുന്നു മൂന്നു പതിറ്റാണ്ടു മുമ്പ് തിരുമുറിവ് വിവാദമാരംഭിച്ചത്. 
പുന്നപ്ര പറവൂർ ലൈബ്രറി നെയ്തൽ നാടക സംഘം ഒരു വർഷത്തിലേറെക്കാലമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നാടകമാണ് കക്കുകളി. ക്രൈസ്തവ സഭയേയും സന്ന്യാസ മഠങ്ങളേയും അപകീർത്തിപ്പെടുത്തുന്നതാണ് നാടകമെന്നാണ് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ  ഇപ്പോൾ കണ്ടെത്തിയത്. തൃശൂരിൽ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ചതിനു ശേഷമാണ് നാടകത്തിനതിരായ പ്രചാരണം ശക്തമായത്. തുടർന്നാണ് നാടക നിരോധനമെന്ന ആവശ്യവുമായി അവർ വ്രണിത വിശ്വാസികളെ യുദ്ധോത്സുകരായി തെരുവുകളിലിറക്കിയത്. തീർച്ചയായും സഭക്കും മഠങ്ങൾക്കുമെതിരായി രൂക്ഷമായ വിമർശനം നാടകത്തിലുണ്ട്. പക്ഷേ സമാന രീതിയിലുള്ള സംഭവങ്ങൾക്ക് എത്രയോ തവണ കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നു. ഫ്രാങ്കോ സംഭവം പോലും കഴിഞ്ഞ് അധിക കാലമായില്ലല്ലോ. തങ്ങൾ വിമർശനത്തിന് അതീതരാണ് എന്ന ചിന്തയിൽ നിന്നാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തിൽ മത - സാമുദായിക സംഘടനകൾ മാത്രമല്ല, രാഷ്ട്രീയ സംഘടനകൾ പോലുമുണ്ടെന്നതാണ് ചരിത്രം. വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ നിലനിൽപ് എന്ന വസ്തുതയാണ് അതിലൂടെ ഇവർ കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്. 
നവോത്ഥാന പ്രക്ഷോഭങ്ങളിലൂടെ കേരളം ആർജിച്ച മതേതര ജനാധിപത്യ മൂല്യങ്ങൾ പിടപിടയായി നഷ്ടപ്പെടുന്ന കാഴ്ചയാണ് വാസ്തവത്തിൽ ഐക്യകേരളത്തിനു ശേഷമുള്ള നമ്മുടെ ചരിത്രം. വിശ്വാസാചാര സംരക്ഷണത്തിന്റെ പേരിൽ സിവിൽ സാമൂഹ്യ ബന്ധങ്ങളെ കലുഷമാക്കുന്നതുമായ  നിരവധി പ്രതിലോമ സന്ദർഭങ്ങൾക്ക് സമീപകാലം സാക്ഷിയായിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ മറക്കാറായിട്ടില്ലല്ലോ. 
സർഗാവിഷ്‌കാരങ്ങൾക്കു മേൽ - അവ കവിതയോ നോവലോ നാടകമോ ഡോക്യുമെന്ററി / കഥാസിനിമകളോ പെയിന്റിഗോ ചരിത്ര ലേഖനമോ ശാസ്ത്ര സിദ്ധാന്ത വിവരണമോ ആകട്ടെ - മത നിന്ദയുടെയോ ദേശദ്രോഹത്തിന്റെയോ ചാപ്പ കുത്തി രചയിതാക്കളെ വേട്ടയാടുക, വിശ്വാസികളെ വികാരവൽക്കരിക്കുക, അവരെ ചിന്താശേഷി ചോർത്തിക്കളഞ്ഞ്  കൊലയും കൊള്ളിവെപ്പും നടത്താനുള്ള ആൾക്കൂട്ടമായി തെരുവുകളിലെത്തിക്കുക - ലോകം പലകുറി കണ്ട ഈ രീതി തന്നെയാണ് ഇവിടെയും ആവർത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. 
തുടക്കത്തിൽ സൂചിപ്പിച്ച പോലെ മതസംഘടനകൾ  മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്. ജനകീയ സാംസ്‌കാരിക വേദി അവതരിപ്പിച്ച നാട്ടുഗദ്ദിക എന്ന ആദിവാസി നാടകത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം അക്രമങ്ങൾ നടത്തിയത് പ്രധാനമായും സി.പി.എം അനുഭാവികളായിരുന്നു. 
വർഷങ്ങൾക്കു ശേഷം സിവിക് ചന്ദ്രന്റെ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു നേരേയും ഭീഷണികളുണ്ടായി. കെ പി എ സിയുടെ ഭഗവാൻ കാലുമാറുന്നു എന്ന നാടകത്തിനെതിരെ രംഗത്തു വന്നത് ഹിന്ദുത്വവാദികളായിരുന്നു. ഇപ്പോഴും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു.  എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം ഭീഷണിയെ തുടർന്ന് മാതൃഭൂമി നിർത്തിയത് അടുത്തായിരുന്നല്ലോ.
പല സിനിമകൾക്കതിരേയും ഭീഷണിയുണ്ടായി. സനൽ കുമാർ ശശിധരന്റെ സെക്‌സി ദുർഗ,  മൊയ്തു താഴത്തിന്റെ 51 വെട്ട്,  ജയൻ ചെറിയാന്റെ 'കാ ബോഡി സ്‌കേപ്‌സ്, ടി. ദീപേഷിന്റെ പിതാവും പുത്രനും, നാദിർഷായുടെ ഈശോ തുടങ്ങിയവ സമീപകാല ഉദാഹരണങ്ങൾ മാത്രം. 
സുപ്രീം കോടതി വിധി പ്രകാരം ശബരിമല കയറിയ ബിന്ദുവിനെയും കനകദുർഗയെയും ആധുനിക കാലത്തെ നവോത്ഥാന നായികമാരായി ചിത്രീകരിച്ച കോതമംഗലം എൻജിനീയറിംഗ് കോളേജിലെ മാഗസിൻ ഭീഷണിയെ തുടർന്ന് പിൻവലിച്ചത് ഈ പരമ്പരയിൽ തന്നെയാണ് വരുന്നത്. കവികളായ ഉമേഷ് ബാബു, കുരീപ്പുഴ ശ്രീകുമാർ, സാഹിത്യകാരൻ സക്കറിയ തുടങ്ങിയവരൊക്കെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.  ബിഷപ്പ് ഫ്രാങ്കോയെ ചിത്രീകരിച്ച 2019 ലെ ലളിത കലാഅക്കാദമി പുരസ്‌കാരം നേടിയ കാർട്ടൂണിനെതിരെ സഭ രംഗത്തിറങ്ങിയപ്പോൾ പ്രതിഷേധിച്ചവർ വിരലിലെണ്ണാവുന്നവരായിരുന്നു. അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള പല സംഭവങ്ങളും അരങ്ങേറിയിരുന്നു. അവിടത്തെ അന്തേവാസിയായിരുന്ന ഗെയ്ൽ ട്രെഡ്വെല്ലിന്റെ 'വിശുദ്ധ നരകം - ആത്മസമർപ്പണത്തിന്റെയും ശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്' എന്ന പുസ്തകത്തിനെതിരെയായിരുന്നു നീക്കങ്ങൾ. അതേക്കുറിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരേയും ആക്രമണം നടന്നു. കൂടാതെ അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ എന്ന പുസ്തകം നിരോധിക്കുകയും അത് പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സിനെതിരെ അക്രമം നടക്കുകയും ചെയ്തു. സൈബർ ലോകത്തും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങൾ ശക്തമാണ്. നമ്മുടെ സാമൂഹിക- രാഷ്ട്രീയ-സാംസ്‌കാരിക-ബൗദ്ധിക ജീവിതം ഭീതിദമാം വിധം മാറിക്കൊണ്ടിരിക്കുമ്പോൾ  അതിനെ പ്രതിരോധിക്കാൻ ചരിത്രപരമായി കടപ്പെട്ടവർ എന്നു നാം കരുതുന്നവരാകട്ടെ, തങ്ങളുടെ രാഷ്ട്രീയമായ താൽപര്യം കൊണ്ട് അതിനോട് മുഖം തിരിക്കുകയോ അഥവാ രാജിയാവുകയോ ചെയ്യുന്ന ധർമ ഭീരുത്വം  ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. അവർക്കായി പട്ടും വളയും തയാറായിക്കൊണ്ടിരിക്കുന്നു.
തീർച്ചയായും ആറാം തിരുമുറിവു പോലെ നിലവാരം പുലർത്തുന്നതല്ല കക്കുകളി. കമ്യൂണിസ്റ്റ് പാർട്ടികൾ നൈതികമാണ്, മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമാണ് എന്ന യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത, മലയാളികളിൽ ഒരു വിഭാഗത്തിന്റെ ഗൃഹാതുരത്വമാണ് സഭയുടെ ജീർണതക്കെതിരെ കക്കുകളി നാടകം.  അതൊന്നും പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നിലപാടിനു ന്യായീകരണമല്ല. കക്കുകളിക്കെതിരായ ഭീഷണി പൗരന്റെ  ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാത്രമല്ല, ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ പുലരേണ്ട മൗലികമായ നൈതികാദർശങ്ങളെ ആകെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. 

Latest News