Sorry, you need to enable JavaScript to visit this website.

വ്യോമയാന മേഖലയിൽ പുതുയുഗത്തിനൊരുങ്ങി സൗദി

ലോക വ്യോമയാന ചരിത്രത്തിലെ പുതുയുഗപ്പിറവി എന്നു വിശേഷിപ്പിക്കാവുന്നതാണ് സൗദി അറേബ്യയുടെ റിയാദ് എയർ പ്രഖ്യാപനം.  പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിൽ രണ്ടു വർഷത്തിനകം ആരംഭിക്കുമെന്ന് പ്രതീക്ഷക്കപ്പെടുന്ന പുതിയ ദേശീയ വിമാന കമ്പനി പ്രഖ്യാപനം ഇതിനകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ആഗോള വ്യോമയാന വ്യവസായ മേഖലയിൽ വൻശക്തിയായി സൗദി അറേബ്യയെ മാറ്റാനാവും വിധത്തിലാണ് റിയാദ് എയർ കമ്പനിയുടെ രൂപകൽപന. ആധുനിക വിമാനങ്ങളുടെ എണ്ണം കൊണ്ടും ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളുടെ വലിപ്പം കൊണ്ടും മാത്രമല്ല, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യത്തിലും വേറിട്ട അനുഭവമായിരിക്കും റിയാദ് എയർ സമ്മാനിക്കുകയെന്നു വേണം അനുമാനിക്കാൻ. അതിനു സാധിക്കും വിധത്തിലുള്ള ഒരുക്കങ്ങളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. വിഷൻ 2030  ലക്ഷ്യ സാക്ഷാത്കാരത്തിന് കുരുത്തേകുന്നതും നിറം ചാർത്തുന്നതുമായിരിക്കും റിയാദ് ആസ്ഥാനമായുള്ള റിയാദ് എയർ.
സൗദി വ്യോമയാന മേഖലയുടെ വളർച്ച ആരംഭത്തിൽ മെല്ലെയായിരുന്നുവെങ്കിലും പിന്നീട് വേഗത്തിലാവുകയും അതിപ്പോൾ ദ്രുതഗതിയിലായിരിക്കുകയുമാണ്. 1945 ൽ ഒരു ഡിസി-3 ഡെക്കോട്ട വിമാനവുമായായിരുന്നു സൗദി അറേബ്യയുടെ വ്യോമയാന രംഗത്തെ പ്രവേശനം. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാംഗ്ലിൻ റൂസ്‌വെൽറ്റ് കിംഗ് അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയതായിരുന്നു അത്. പിന്നീട് തൊട്ടടുത്ത വർഷം ഈ ഇനത്തിൽപെട്ട രണ്ടു വിമാനങ്ങൾ സൗദി അറേബ്യ വാങ്ങി. അന്ന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലായിരുന്നു സൗദി എയർലൈൻസ്. 1965ലാണ് സൗദിയ കോർപറേഷൻ രൂപീകരിച്ച് ജിദ്ദ ആസ്ഥാനമായി സ്വയംഭരണ സ്ഥാപനമായി സൗദിയ മാറിയത്. അതിനു ശേഷം സൗദിയ വൻ വികസന പദ്ധതികൾ ആവിഷ്‌കരിച്ച് എയർലൈൻസിന്റെ ശേഷി വർധിപ്പിക്കുകയായിരുന്നു. ഇന്നിപ്പോൾ ലോകത്തെ ഒന്നാംകിട എയർലൈനുകളിൽ ഒന്നാണ് സൗദിയ. വിവിധയിനത്തിൽപെട്ട 142 വിമാനങ്ങളുമായി ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നൂറിലേറെ കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.
പിന്നീട് 2007 ൽ ബജറ്റ് എയർലൈനായി ഫ്ളൈനാസും 2016 ൽ ഫ്ളൈ അദീലും സർവീസ് ആരംഭിച്ചു. ഫ്ളൈനാസ്് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലായി 70 കേന്ദ്രങ്ങളിലേക്ക് പറക്കുന്നുണ്ട്. 44 എയർ ക്രാഫ്റ്റുകളുടെ ഉടമസ്ഥരാണ് ഫ്ളൈനാസ്. ഫ്ളൈ അദീൽ 27 വിമാനങ്ങളുമായി ആഭ്യന്തര സെക്ടറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന ഡിമാന്റ് കണക്കിലെടുത്ത് ഈ മൂന്നു വിമാന കമ്പനികളും കൂടുതൽ സർവീസുകൾ നടത്തുന്നതിനായി പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിരിക്കുകയാണ്്. സൗദിയ മാത്രം ബോയിംഗ് കമ്പനിയിൽനിന്ന് 49 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.  ബോയിംഗ് ഡ്രീംലൈനർ 787-9, 787-10 ഇനങ്ങളിൽപെട്ട 39 വിമാനങ്ങൾ ആദ്യ ഘട്ടത്തിലും പത്തെണ്ണം പിന്നീടും ലഭിക്കും വിധമാണ് കരാർ.  മൂന്നു വിമാന കമ്പനികളും ഗൾഫ് മേഖലയിലെ വ്യോമയാന രംഗത്തെ വൻ ശക്തികളായിരിക്കേയാണ് പുതിയ വിമാന കമ്പനിയുടെ പ്രഖ്യാപനം.
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് റിയാദ് എയർ. പദ്ധതി പ്രഖ്യാപനം നേരിട്ടു നടത്തിയതിൽനിന്നു തന്നെ ഈ പദ്ധതിക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നുവെന്ന് വ്യക്തമാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയ്യാൻ ചെയർമാനും ലോജിസ്റ്റിക്, വ്യോമയാന മേഖലയിൽ 40 വർഷത്തെ പരിചയ സമ്പത്തുള്ള മുൻ ഇത്തിഹാദ് മേധാവി ടോണി ഡഗ്ലസ് സി.ഇ.ഒയുമായ രാജ്യാന്തര വിദഗ്ധരടങ്ങുന്ന ഡയറക്ടർ ബോർഡാണ് റിയാദ് എയറിനെ നിയന്ത്രിക്കുന്നത്. 2030 ആകുമ്പോഴേക്കും നൂറിലേറെ സെക്ടറുകളിലേക്ക് സർവീസ് നടത്താൻ കഴിയുംവിധത്തിൽ രാജ്യാന്തര തലത്തിൽ ആകർഷകമായ ഒരു എയർലൈനായി റിയാദ് എയറിനെ മാറ്റാനുള്ള തീവ്രയത്നത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇത് വ്യോമയാന വ്യവസായ മേഖലക്കൊന്നാകെ ഉണർവേകും. മത്സരം കടുക്കുന്നതോടെ യാത്രക്കാർക്ക് അതു കൂടുതൽ ഗണകരമാവുന്നതോടൊപ്പം വിനോദ സഞ്ചാര, തൊഴിൽ മേഖലകളിൽ വൻ സാധ്യതകളാണ് റിയാദ് എയർ തുറക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള ബോയിംഗ് ഡ്രീംലൈനർ 787-9 ഇനത്തിൽ പെട്ട 72 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനവുമായാണ് റിയാദ് എയറിന്റെ രംഗപ്രവേശം. അമേരിക്കയിലെ ബോയിംഗ് കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട കരാരിൽ ഒപ്പിട്ടു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 39 വിമാനങ്ങളാണ് ബോയിംഗ് കമ്പനി നൽകുക. തുടർന്നു അവശേഷിക്കുന്ന വിമാനങ്ങളും അധികം വൈകാതെ കമ്പനി സ്വന്തമാക്കും.  പുതിയ കമ്പനി പ്രത്യക്ഷമായും പരോക്ഷമായും രണ്ടു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 
ഇതിനു പുറമെ ബോയിംഗ് കമ്പനിയുമായുള്ള കരാർ അമേരിക്കയിൽ നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ബോയിംഗ് കമ്പനിയുമായി സഹകരിക്കുന്ന അമേരിക്കയിലെ 38 സംസ്ഥാനങ്ങളിലെ 145 ചെറിയ കമ്പനികളടക്കം 300 ലേറെ അമേരിക്കൻ കമ്പനികൾക്ക് കരാർ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
പ്രഖ്യാപനം കഴിഞ്ഞു രണ്ടു ദിവസത്തിനകം  റിയാദ് എയർ കമ്പനി വെബ്സൈറ്റിലൂടെ തൊഴിൽ തേടി 60,000 ലേറെ അപേക്ഷകൾ എത്തിയതായി സി.ഇ.ഒ ടോണി ഡഗ്ലസ് വെളിപ്പെടുത്തലിൽനിന്നു തന്നെ തൊഴിൽ മേഖലിയിൽ കമ്പനി ഉണ്ടാക്കിയ ഉണർവ് വ്യക്തമാണ്. മാത്രമല്ല, ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷ പുലർത്തുന്നുവെന്ന സൂചന കൂടിയാണിത്.  മറ്റു വിമാന കമ്പനികളിൽനിന്ന് എല്ലാ കാര്യങ്ങളിലും വ്യത്യസ്തത പുലർത്തുന്ന സമീപനമായിരിക്കും റിയാദ് എയറിന്റേതെന്ന് സി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്. 
സാമ്പത്തിക ശേഷിയിൽ കരുത്തരായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന നിലയിൽ റിയാദ് എയർ വ്യോമയാന മേഖലയിലെ ആഗോള മുൻനിര കമ്പനിയായി വളരെ വേഗം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിവർഷം 300 മില്യൺ യാത്രക്കാർക്ക് സേവനം നൽകാൻ ലക്ഷ്യമിടുന്ന റിയാദ് എയർ 250 കേന്ദ്രങ്ങളെ റിയാദുമായി ബന്ധിപ്പിക്കും. 45 ലക്ഷം ടൺ ചരക്കു നീക്കത്തിനും ഉപയോഗപ്പെടും. സർവീസ് ആരംഭിക്കുന്നതോടെ പെട്രോളിതര ആഭ്യന്തരോൽപാദനത്തിലേക്ക് 7500 കോടി റിയാൽ സംഭാവന നൽകാൻ കമ്പനിക്കാവുമെന്നാണ് കരുതുന്നത്.  റിയാദ് എയറിന്റെ ആസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ റിയാദ് കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവള നിർമാണവും പുരോഗമിക്കുകയാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലാണ് വിമാനത്താവളവും വരുന്നത്. വിമാനത്താവളം കേന്ദ്രീകരിച്ചും നൂറുകണക്കിനു പുതിയ തൊഴിൽ സാധ്യതകൾ സൃഷ്്ടിക്കപ്പെടും. 
കുതിപ്പുണ്ടാകുന്ന മറ്റൊരു മേഖല വിനോദ സഞ്ചാരമായിരിക്കും. കൂടാതെ മക്ക, മദീന സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണത്തിലും 
വൻ വർധനയാവും ഉണ്ടാകുക. 2030 ഓടെ പ്രതിവർഷം 10 കോടി വിനോദ സഞ്ചാരികളെ സൗദിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ലോക വിനോദ സഞ്ചാരികൾക്ക് സന്ദർശിക്കാൻ റിയാദ് എയർ വഴിയൊരുക്കും. ഇതിനു പുറമെ 2030 ഓടെ പ്രതിവർഷം മൂന്നു കോടി തീർഥാടകരെയും പ്രതീക്ഷിക്കുന്നുണ്ട്. 
ഇതും റിയാദ് എയറിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ലോജിസ്റ്റിക് മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങളും റിയാദ്  എയറിന്റെ വളർച്ചക്ക് കരുത്തേകും.

Latest News