സീരിയലിൽ നടിയാക്കാമെന്ന് മോഹിപ്പിച്ച് പീഡനം; കോഴിക്കോട്ട് രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ

കോഴിക്കോട് - സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ ഇവരെ സ്‌റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തുവരികയാണ്.
 സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന കോഴിക്കോട് കാരപ്പറമ്പിലെ ഫ്‌ളാറ്റിലെത്തിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. കോഴിക്കോട്ടെ സീരിയൽ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്‌ളാറ്റിലെത്തിച്ചതെന്നും പെൺകുട്ടി പറഞ്ഞു. മാർച്ച് നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ പരിചയപ്പെടുത്തി നൽകിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ആരോപണ വിധേയയായ സീരിയൽ നടിയെ പോലീസ് ചോദ്യം ചെയ്യുകയും പീഡനം നടന്നുവെന്ന് പറയുന്ന ഫ്‌ളാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിക്കുകയും ചെയ്തതായാണ് വിവരം.

Latest News