കര്‍ണാടകയില്‍ എട്ടാം ക്ലാസുകാരന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി

ബംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ വീതം വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരവെ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ വിദ്യാഭ്യാസം പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. വകുപ്പു വിഭജനത്തില്‍ മുതിര്‍ന്ന ജെഡിഎസ് നേതാവ് ജി ടി ദേവഗൗഡയ്ക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലഭിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നത് ഗൗഡയ്ക്ക് വെറും എട്ടാം ക്ലാസ് വിദ്യാഭ്യാസമെ ഉള്ളൂവെന്നാണ്. കോളെജില്‍ പോലും പോകാത്ത ഗൗഡയക്ക് എങ്ങനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാനാകുമെന്നാണ് വിമര്‍ശകരുടെ ചോദ്യം. അതേസമയം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇത്തരം സംശയങ്ങളെ തള്ളുന്നു. ഭരണ ചുമതല വഹിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത ഒരു തടസ്സമെ അല്ലെന്നാണ് കുമാരസ്വാമി മറുപടി നല്‍കിയത്. മുഖ്യമന്ത്രിയാകാന്‍ എനിക്കെന്ത് വിദ്യാഭ്യാസ യോഗ്യതയാണ് ഉള്ളതെന്നും ബിഎസ്‌സി ബിരുദധാരിയായ കുമാരസ്വാമി ചോദിക്കുന്നു.

അതേസമയം തനിക്കു ലഭിച്ച വകുപ്പില്‍ ദേവഗൗഡ അതൃപ്തനാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതു സംബന്ധിച്ച് ആശങ്കയുള്ള ദേവഗൗഡ പൊതുമരാമത്ത്, ഊരജ്ജം, ഗതാഗതം എന്നീ വകുപ്പുകള്‍ക്കു വേണ്ടി ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് നിശ്ചയിച്ചത്. വകുപ്പ് മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ഗൗഡയുടെ അനുയായികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. 

ജെഡിഎസ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായി ബസവരാജ് ഹൊരട്ടിയും ഗൗഡയ്ക്ക് ഈ വകുപ്പ് നല്‍കിയതില്‍ ആശങ്ക അറിയിച്ചു രംഗത്തെത്തി. ഹൊരട്ടിയെ മറികടന്നാണ് പാര്‍ട്ടി ഗൗഡയ്ക്ക് ഈ വകുപ്പ് നല്‍കിയത്. 


 

Latest News