മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവനക്കാരന്റെ പീഡനത്തിനിരയായ യുവതിക്ക് ഭീഷണി

കോഴിക്കോട് - കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐ സി യുവില്‍ കഴിയവേ ആശുപത്രി ജീവനക്കാരന്റെ പീഡനത്തിനിരയായ യുവതിയ്ക്ക് മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണി. കേസില്‍ അറസ്റ്റിലായ അറ്റന്‍ഡര്‍ എം.എം ശശീന്ദ്രനെ രക്ഷപ്പെടുത്തുന്നതിന് ഇയാളുടെ സഹപ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെന്ന് യുവതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ നാല് പേരാണ് സമ്മര്‍ദ്ദം ചെലുത്തുന്നതും ഭീഷണി മുഴക്കുന്നതും. നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കണമെന്നും മജിസ്‌ട്രേറ്റിനും പോലീസിനും ആശുപത്രി അധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്ന് പറയണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. 
തൈറോയ്ഡിന് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കഴിഞ്ഞ ദിവസം ഐ സി യുവില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ പീഡിപ്പിച്ചതായാണ് പരാതി ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് വടകര വില്യാപ്പള്ളി മയ്യന്നൂര്‍ കുഴിപ്പുറത്ത് ശശീന്ദ്രനെ (55) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ കൊണ്ടുവന്ന ശേഷമാണ് സംഭവമുണ്ടായത്. യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവിലാക്കിയ ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞു തിരികെ വരികയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാരൊന്നും തൊട്ടടുത്തില്ലെന്ന് ഉറപ്പാക്കിയാണ് മയക്കത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ചത്. ബോധം തെളിഞ്ഞ ശേഷം യുവതി ബന്ധുക്കളോടും ഐ.സി.യുവിലെ നഴ്‌സിനോടും വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. 

 

 

Latest News