താന്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയാണ് ചെയ്തത്, സര്‍ക്കാറിന് ഡോ.സിസ തോമസിന്റെ മറുപടി

തിരുവനന്തപുരം - ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തതെന്ന് കാണിച്ച് സര്‍ക്കാറിന് ഡോ. സിസ തോമസിന്റെ മറുപടി. താന്‍ യാതൊരു ചട്ട ലംഘനവും നടത്തിയിട്ടില്ല, മറിച്ച് ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കുകയാണ് ചെയ്തത്. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരമുള്ള അധിക ചുമതലയാണ് വഹിക്കുന്നതെന്നും അവര്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തതിനാണ് ഡോ.സിസ തോമസിന് സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. വ്യാഴാഴ്ചയ്ക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.  ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഇവരെ സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തിന് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

 

Latest News