Sorry, you need to enable JavaScript to visit this website.

പരിമിതികളെ മുറിച്ചു കടന്ന അബൂബക്കർ സിദ്ദീഖിന് ലോകത്തിന്റെ ആദരം


പൊന്നാനി-പരിമിതികളെ മുറിച്ചു കടന്ന് മനുഷ്യരെ പ്രചോദിപ്പിച്ചതിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നൽകി അബൂബക്കർ സിദ്ദീഖിന് ലോകത്തിന്റെ ആദരം. കൈകാലുകളില്ലാതെ പിറന്നുവീഴുകയും 67 സെന്റിമീറ്റർ മാത്രം ഉയരത്തിലുളള തന്റെ ശരീരവുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ ഉയരങ്ങൾ കീഴ്‌പ്പെടുത്തുകയും ചെയ്ത അബൂബക്കർ സിദ്ദീഖിന്റെ നേട്ടം ലോകം പ്രചോദനമായി ഏറ്റെടുത്തിരിക്കുകയാണ്. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ അബൂബക്കറിന്റെ നേട്ടം മനുഷ്യർക്കാകമാനം പ്രചോദനവും ലക്ഷ്യത്തിനു വേണ്ടിയുളള പ്രയത്‌നങ്ങൾക്ക് മഹാമാതൃകയുമാണെന്ന വിലയിരുത്തലോടെയാണ് വേൾഡ് വൈഡിന്റെ ആദരം തേടിയെത്തിയത്.


കഴിവും ശേഷിയുമുണ്ടെങ്കിൽ നേട്ടങ്ങളൊക്കെയും കൂടെ ചേരുമെന്നതിന് ദൃഷ്ടാന്തമാകുകയാണ് ഈ മിടുക്കൻ. പരിമിതികളെയോർത്ത് കരഞ്ഞിരിക്കാൻ ഒരുക്കമായിരുന്നില്ല അബൂസി എന്ന അബൂബക്കർ സിദ്ദീഖ്.പഠിച്ചതൊക്കെയും വിദ്യാലയങ്ങളിലായിരുന്നു. ഏറ്റവും ഒടുക്കം എം എസ് സി പൂർത്തിയാക്കിയത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിൽ. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദമെന്ന ലക്ഷ്യം മുന്നിലുള്ളതുകൊണ്ടു തന്നെ പരിമിതികളൊന്നും തടസ്സങ്ങളായിരുന്നില്ല. അടുത്ത ലക്ഷ്യം ദുബായിലൊരു ജോലിയാണ്. പിന്നെ ഡോക്ടറേറ്റും. പി എസ് സി പരിശീലനത്തിലാണ് ഇപ്പോഴുള്ളത്. പൊന്നാനി ഈശ്വരമംഗലത്ത് എം എ അക്ബറിന്റെയും നഫീസ അക്ബറിന്റെയും മൂന്ന് മക്കളിൽ ഇളയവനാണ് അബൂസി. കൈകാലുകളെന്നാൽ അബൂസിക്ക് ഇടതു കൈയും അതിലെ ഏതാനും വിരലുകളും മാത്രമാണ്. വൈകല്യങ്ങൾക്കൊപ്പമാണ് പിറന്നു വീണതെങ്കിലും പരിമിതികളിൽ ഒതുങ്ങിക്കൂടാൻ ഈ മിടുക്കൻ തയാറായിരുന്നില്ല. ഇലക്ട്രോണിക് വീൽ ചെയറിനെ കൈകാലുകളാക്കി നേട്ടങ്ങളൊക്കെയും തേടി പിടിക്കുകയായിരുന്നു അബൂബക്കർ സിദ്ദീഖ്. കംപ്യൂട്ടർ സയൻസിൽ ബിരുദം തേടിയെത്തിയത് കോവിഡ് കാലത്തായിരുന്നു. എം. ഇ .എസ് പൊന്നാനി കോളേജിലായിരുന്നു പഠനം.
പ്രത്യേക പരിശീലനമൊന്നുമില്ലാതെ ഒറ്റക്കാണ് ബിരുദം നേടിയെടുത്തത്. 


വെറുതെയിരിക്കാൻ അബൂസി ഒരുക്കമല്ലായിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ സംവാദങ്ങൾക്കൊപ്പമായിരുന്നു. 27 അക്കാദമിക് വെബിനാറുകളിലാണ് അന്ന് പങ്കെടുത്തത്. കോവിഡാനന്തര ലോകം, കരിയർ ഗൈഡൻസ്, ഡിജിറ്റൽ ലോകത്തെ മാറ്റങ്ങൾ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയായിരുന്നു വിഷയങ്ങൾ. രാഷ്ട്ര നിർമാണ പദ്ധതിയുടെ ഭാഗമായി ചെന്നൈ ഐ ഐ ടി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്ത് യു കെ ബുക്ക് ഓഫ് റെക്കോർഡിന്റെ ഭാഗമാവുകയും ചെയ്തു.
ഓൺലൈൻ സംവാദങ്ങളിൽ മികച്ച സാന്നിധ്യമാണ് ഈ മിടുക്കൻ. സർഗാത്മകമായ നിരവധി മേഖലകളിൽ അബൂബക്കർ മികവറിയിച്ചിട്ടുണ്ട്. എഴുത്ത്, വര, സംഗീതം, ഹ്രസ്വ സിനിമ ചിത്രീകരണം എന്നിവയിൽ സാന്നിധ്യമായിട്ടുണ്ട്. രണ്ടാമത്തെ ഹ്രസ്വചിത്രത്തിനായുള്ള ഒരുക്കത്തിനിടെയാണ് കോവിഡെത്തിയത്. പുത്തൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള നിരവധി ആശയങ്ങൾ അബൂബക്കറിന്റെ മനസ്സിലുണ്ട്. പരിമിതികളൊന്നും അതിന് തടസ്സമാകില്ലെന്ന ഉറപ്പിനൊപ്പമാണ് അബൂബക്കറുള്ളത്.അബൂബക്കർ സിദ്ദീഖിനെ വെറുതെയിരുത്താൻ ഉപ്പയും ഉമ്മയും തയാറല്ല. മകന്റെ ആഗ്രഹങ്ങൾക്കും കഴിവുകൾക്കുമൊപ്പം കൈകാലുകളായി മാറുകയാണ് ഈ മാതാപിതാക്കൾ. അബൂസി സ്വന്തമാക്കുന്ന നോട്ടങ്ങളൊക്കെയും ലോകത്തിന് നൽകുന്ന പ്രചോദനം ചെറുതല്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News