Sorry, you need to enable JavaScript to visit this website.

പള്ളിയില്‍ നിന്നും നമസ്‌ക്കരിച്ച് മടങ്ങുകയായിരുന്ന മുസ്‌ലിം വയോധികനു നേരെ വംശീയ ആക്രമണം

ലണ്ടന്‍- യു. കെയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശീയ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന മുസ്‌ലിം വയോധികനു നേരെയാണ് ഒടുവില്‍ അക്രമം നടന്നത്. 

ബര്‍മിങ്ഹാമില്‍ പള്ളിയില്‍ നിന്നും മടങ്ങവെ എഴുപതു വയസ്സോളം പ്രായമുള്ളയാളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ദ്രാവകം വയോധിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുഖത്തും താടിക്കും പൊള്ളലേറ്റ ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. 

അക്രമ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ നടപടി വേഗത്തിലാക്കിയ പോലീസ് അക്രമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തിന് പിന്നിലുള്ള വികാരമെന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 
 
വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി ലണ്ടനിലെ മുസ്‌ലിം കമ്യൂണിറ്റികള്‍ രംഗത്തെത്തി. ലേബര്‍ പാര്‍ട്ടി എം. പി. സാറ സുല്‍ത്താന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ 35 വര്‍ഷമായി ഇതേ പള്ളിയില്‍ തന്നെയാണ് അദ്ദേഹം പോയ്‌ക്കൊണ്ടിരുന്നതെന്നും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അക്രമിക്കപ്പെട്ടയാളുടെ മരുമകന്‍ റിയാസിനെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ മുടിയും പുരികവും താടിയും കത്തിപ്പോയതായും അദ്ദേഹം ആരോഗ്യത്തോടെ തിരികെ വരാന്‍ തങ്ങള്‍ പ്രാര്‍ഥിക്കുന്നതായും റിയാസ് പറഞ്ഞു. 

ഇത്തരമൊരു വാര്‍ത്ത കേട്ടത് തനിക്ക് അസ്വസ്ഥകള്‍ ഉണ്ടാക്കുന്നതായും പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നയാളെ തീ കൊളുത്തിയ സംഭവത്തില്‍ ഒന്നും പറയാനാവുന്നില്ലെന്നും ഡോക്ടറും എഴുത്തുകാരനുമായ ആമിര്‍ഖാന്‍ ട്വീറ്റ് ചെയ്തു. 

ഇതിനു സമാനമായ സംഭവം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ലണ്ടനിലുമുണ്ടായിരുന്നു. ഫെബ്രുവരി 27ന് വെസ്റ്റ് ലണ്ടനിലെ ഈലിംഗില്‍ ഇലാമിക് സെന്ററില്‍ നിന്നും വരികയായിരുന്ന 82കാരനെ ഒരാള്‍ സമീപിക്കുകയും ഇരുവരും കുറച്ചു സമയം സംസാരിക്കുകയും ചെയ്തു. അതിനിടയില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെന്ന് സംശയിക്കുന്ന ദ്രാവകം അയാള്‍ വയോധികന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇത്തരത്തില്‍ വലിയ അക്രമം നടത്തിയിട്ടും അയാള്‍ നടന്നു പോവുകയാണ് ചെയ്തത്.

Latest News