റാങ്ക് ജേതാവിന് യുപി മുഖ്യമന്ത്രി നല്‍കിയ ലക്ഷം രൂപയുടെ ചെക്ക് മടങ്ങി

ബാരബങ്കി- ഉത്തര്‍ പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കാശില്ലാതെ മടങ്ങി. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ബാങ്കില്‍ പിഴയടക്കേണ്ടിയും വന്നു. പത്താം ക്ലാസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഏഴാം റാങ്ക് നേടിയ അലോക് മിശ്രയ്ക്കാണ് ഈ ദുരനുഭവം. മേയ് 29-ന് ലഖ്‌നൗവില്‍ നടന്ന പരിപാടിയിലാണ് മറ്റു റാങ്ക് ജേതാക്കള്‍ക്കൊപ്പം അലോക് മിശ്രയ്ക്കും സമ്മാനമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചത്. ജൂണ്‍ അഞ്ചിന് ഈ ചെക്ക് ലഖനൗവില്‍ ബാങ്കില്‍ കൊടുത്തു. പിന്നീട് ഇത് ബൗണ്‍സായി എന്ന വിവരമാണ് ലഭിച്ചത്. കൈയൊപ്പ് യോജിക്കുന്നില്ലെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. ഇതിന് പിഴ ഈടാക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ചെക്കില്‍ ബാരബങ്കി ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ രാജ് കുമാര്‍ യാദവിന്റെ ഒപ്പാണ് ഉണ്ടായിരുന്നത്. പിന്നീട് വിദ്യാര്‍ത്ഥിക്ക് ചെക്ക് മാറ്റി നല്‍കി പ്രശ്‌നം പരിഹരിച്ചെന്ന് യാദവ് പറഞ്ഞു. സംഭവം ഗൗരവതരമാണെന്നും നടപടി എടുക്കുമെന്നും ജില്ലാ മജിസ്്‌ട്രേറ്റ് ഉദയ് ഭാനു അറിയിച്ചു.
 

Latest News