തിരുവനന്തപരം- സംസ്ഥാനത്ത് മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതിനിടെയാണ് മൂന്ന് മരണം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 210 പുതിയ കോവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്
തൃശൂരിലാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളതാണ് കൂടുതല്‍ കോവിഡ് കേസുകള്‍. 50 പേര്‍ക്കാണ് എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണം. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും. മെഡിക്കൽ കോളേജുകളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ കെഎംഎസ്‌സിഎല്ലിന് നിർദേശം നൽകി.
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവർ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.