ബ്രഹ്മപുരം സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം

ന്യൂദല്‍ഹി - ബ്രഹ്മപുരത്തെ മാലിന്യ നിര്‍മാര്‍ജനം നിലച്ചതിനു പിന്നിലുള്ള അഴിമതികളെക്കുറിച്ചു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ കോടതിയില്‍നിന്നു തന്നെ സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന്‍, മുന്‍ രാജ്യസഭ എം.പി അല്‍ഫോന്‍സ് കണ്ണന്താനം, എസ്. സുരേഷ് എന്നിവര്‍ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചാണ് ബ്രഹ്മപുരം വിഷയം ഉന്നയിച്ചത്.
മൂന്നു മരുമക്കളും രണ്ട് കമ്പനികളും ചേര്‍ന്ന് വലിയ അഴിമതിയാണ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാറി മാറി വരുന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ കേരളത്തെ കൊള്ളയടിക്കുകയാണ്. ഇപ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ചു ചേര്‍ന്നാണ് കേരളത്തില്‍ അഴിമതി നടത്തുന്നതെന്നുമാണ് ജാവദേക്കര്‍ പറഞ്ഞത്. മാലിന്യ നിര്‍മാര്‍ജനം എങ്ങനെ ഫലപ്രദമായി നടക്കുന്നു എന്ന് കണ്ടു പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗോവയിലേക്കും ഇന്‍ഡോറിലേക്കും അയക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത സ്വച്ഛ്ഭാരതിന്റെ നേര്‍ വിപരീത പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ച് 15 ദിവസത്തോളം പിന്നിട്ടിട്ടും കേരള സര്‍ക്കാര്‍ നിഷ്‌ക്രീയരായി നോക്കി നില്‍ക്കുകയായിരുന്നു എന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി. താന്‍ പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് കേരള കേഡര്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്താണ് ഖരമാലിന്യ നിര്‍മാര്‍ജന നിയമം രൂപീകരിച്ചത്. എന്നിട്ട് കേരള സര്‍ക്കാര്‍ തന്നെ ഇതു ലംഘിക്കുകയാണെന്നും ജാവദേക്കര്‍ പറഞ്ഞു.

 

Latest News