ന്യൂദല്‍ഹി- ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗികാതിക്രമം ക്രിമിനല്‍ കുറ്റമാക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹരജികള്‍ മേയ് ഒന്‍പതിനു പരിഗണിക്കാമെന്നു സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹരജികള്‍ മേയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തയാറാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വ്യക്തമാക്കി. വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമം കുറ്റകരമാക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഒരു കൂട്ടം ഹരജികളില്‍ കഴിഞ്ഞ ജനുവരി 16നാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയത്. ഇതേവിഷയത്തില്‍ ദല്‍ഹി ഹൈക്കോടതിയുടെ ഭിന്ന വിധിയില്‍ പുനപ്പരിശോധന ആവശ്യപ്പെട്ടാണ് ഒരു ഹരജി നല്‍കിയിരിക്കുന്നത്.






